
മാന്നാർ: വാർദ്ധക്യം എന്നത് ശാപമായി കണ്ടിരുന്ന കാലത്തിലല്ല, മറിച്ച് അതിനെ ക്രിയാത്മകമായി ഉപയോഗിക്കേണ്ട കാലത്തിലാണ് മുതിർന്ന പൗരൻമാർ ജീവിക്കുന്നതെന്നും വർത്തമാന കാലഘട്ടത്തിൽ സമൂഹ മാദ്ധ്യമങ്ങളുടെ സങ്കുചിതമായ ആശയ പ്രചാരണത്തെ അതിജീവിക്കാൻ സീനിയർ സിറ്റിസൺസ് കൗൺസിൽ പോലെയുള്ള പ്രസ്ഥാനങ്ങൾ ആശയ സംവാദത്തിന് വേദിയൊരുക്കണമെന്നും ചരിത്രകാരനായ ഡോ.എം.ജി.ശശിഭൂഷൺ പറഞ്ഞു. മാന്നാർ സീനിയർ സിറ്റിസൺസ് കൗൺസിലിന്റെ വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മളനത്തിൽ അവാർഡ്ദാനവും സ്മരണിക പ്രകാശനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം ഗോവ ഗവർണർ പി.എസ്ശ്രീധരൻ പിള്ള ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കൗൺസിൽ പ്രസിഡന്റ് മേജർ എൻ.ജയകുമാർ അദ്ധ്യക്ഷനായി. കൗൺസിലിന്റെ കലാസാഹിത്യ പുരസ്കാരം നാടകകൃത്ത് ചെന്നിത്തല ശശാങ്കന് ഡോ.എം.ജി.ശശിഭൂഷൺ സമ്മാനിച്ചു. ഡോ.കെ.ബാലകൃഷ്ണപിള്ള ചൈതന്യ, പി.സരസ്വതിയമ്മ പാർവ്വതി നിവാസ്, ഡോ. അലക്സ് പോൾ, ശാരദാശങ്കരപിള്ള നാരായണമംഗലം എന്നിവരെ ആദരിച്ചു. മാന്നാർ റോട്ടറി ക്ലബ് ഏർപ്പെടുത്തിയ ചികിത്സാ സഹായ വിതരണം റോട്ടറി ക്ലബ് പ്രസിഡന്റ് കെ.ജി ഗോപാലകൃഷ്ണപിള്ള നിർവ്വഹിച്ചു. മാന്നാർ അബ്ദുൾ ലത്തീഫ്, സി.ജി. ഗോപകുമാർ, പ്രൊഫ.പി.ഡി.ശശിധരൻ, ജി.മധുസൂദനൻ നായർ, ആർ.പി.കണ്ണാടിശ്ശേരി എന്നിവർ സംമ്പാരിച്ചു.