
മാന്നാർ: മരണവക്കിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയ രക്ഷകനെ കാണാൻ റാന്നി ഇടമൺ സ്വദേശി നടേശൻ എത്തി. മാന്നാർ എമർജൻസി റെസ്ക്യൂ ടീം സെക്രട്ടറിയും മാദ്ധ്യമ പ്രവർത്തകനുമായ അൻഷാദ് മാന്നാറിനെ കാണാനാണ് നടേശനെത്തിയത്. മാന്നാർ പരുമലക്കടവിന് വടക്കുവശത്തുവച്ച് ലോറി ഇടിച്ചുതെറിപ്പിച്ച് ചോരയിൽ മുങ്ങിക്കിടന്ന നടേശനെ ആശുപത്രിയിലെത്തിച്ചത് അൻഷാദായിരുന്നു. 2022 മേയ് ഒൻപതിന് പുലർച്ചെയാണ് കാൽനായാത്രക്കാരനായ നടേശനെ ലോറി ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയത്. നാല് മണിക്കൂർ കഴിഞ്ഞിട്ടും ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ ചോര വാർന്ന് കിടന്ന നടേശനെ ആരും ആശുപത്രിയിൽ എത്തിച്ചില്ല. വിവരം അറിഞ്ഞ അൻഷാദ് സുഹൃത്ത് ജയേഷിന്റെ ആംബുലൻസുമായി എത്തി മാവേലിക്കര ജില്ലാആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും എത്തിക്കാൻ കഴിഞ്ഞതോടെയാണ് നടേശന് ജീവിതം തിരിച്ചുകിട്ടിയത്.
അന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായിരുന്ന ജി.ജയദേവ്, അൻഷാദിന് അനുമോദന പത്രം നൽകി ആദരിക്കുകയും ചെയ്തിരുന്നു. മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം റാന്നിയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു നടേശൻ ഇന്നലെ പരുമലയിലെ ബന്ധുവീട്ടിലെത്തിയപ്പോൾ തന്റെ രക്ഷകനെ കാണാൻ നടേശൻ ആഗ്രഹം പ്രകടിപ്പിക്കുകയാകയായിരുന്നു. തുടർന്ന്, അൻഷാദുമായി ബന്ധപ്പെടുകയും
പരുമലയിലുള്ള അദ്ദേഹത്തിന്റെ ബന്ധുവീട്ടിൽ വച്ച് കാണുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച ആളിനെ ആദ്യമായി കണ്ടപ്പോൾ സന്തോഷവും അതോടൊപ്പം സങ്കടവും പ്രകടിപ്പിച്ച നടേശൻ, അൻഷാദുമായി വിശേഷങ്ങൾ പങ്കിട്ടു. നേരിൽ കാണണമെന്ന് പല തവണ ആഗ്രഹിച്ചിരുന്നതായും എന്നാൽ ഇപ്പോഴാണ് അത് സാധിച്ചതെന്നും വിതുമ്പലോടെ പറഞ്ഞ നടേശൻ, അൻഷാദിനോട് നന്ദി അറിയിച്ചു.