
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പ്രതിപക്ഷ 'ഇന്ത്യ' കൂട്ടായ്‌മയിലെ നേതാക്കൾ ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ യോഗം ചേർന്നു. ജൂൺ നാലിന് സംസ്ഥാന-ജില്ലാ തലങ്ങളിൽ സുഗമമായ വോട്ടെണ്ണൽ ഉറപ്പാക്കാനുള്ള തന്ത്രം ആവിഷ്കരിക്കാനാണ് യോഗം ചേർന്നതെന്ന് വിശദീകരിച്ചെങ്കിലും മുന്നണിയിലെ കൂട്ടായ്‌മ നിലനിറുത്താൻ ലക്ഷ്യമിട്ടാണ് യോഗം ചേർന്നതെന്ന് അറിയുന്നു.
വോട്ടെണ്ണൽ നടപടികളിൽ ജാഗ്രത പുലർത്താൻ പ്രവർത്തകരോട് ആവശ്യപ്പെടുമെന്ന് ഖാർഗെ പറഞ്ഞു. നടപടികൾ പൂർത്തിയാകുന്നത് വരെ ഹാളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പറയും. വോട്ടെണ്ണലുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ അറിയിക്കാൻ ഇന്ന് 'ഇന്ത്യ' നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷനെ കാണും. ഇന്നത്തെ യോഗം മുന്നണിയുടെ കെട്ടുറപ്പ് തെളിയിച്ചു. 'ഇന്ത്യ' തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടും. എക്‌സിറ്റ് പോൾ സർവെ ഫലങ്ങൾ ഉപയോഗിച്ച് ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ എക്‌സിറ്റ് പോൾ ചർച്ചകളിൽ നിന്ന് കോൺഗ്രസ് മാറി നിൽക്കുമെന്ന തീരമാനം മാറ്റുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തു.
രണ്ടര മണിക്കൂർ നീണ്ട യോഗത്തിൽ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി,രാഹുൽ ഗാന്ധി,പ്രിയങ്കാ ഗാന്ധി,ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,ഭഗവന്ത് സിംഗ് മാൻ,സഞ്ജയ് സിംഗ്,എൻ.സി.പി നേതാവ് ശരദ് പവാർ,സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്,സി.പി.എം നേതാവ് സീതാറാം യെച്ചൂരി,സി.പി.ഐ നേതാവ് ഡി.രാജ,ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്,ഡി.എം.കെ നേതാവ് ടി.ആർ. ബാലു,നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള,ജെ.എം.എം നേതാവ് ചമ്പൻ സോറൻ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്ത് തിരക്കുള്ളതിനാൽ തൃണമൂൽ നേതാവ് മമതാ ബാനർജിയും ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനും എത്തിയില്ല.