s

□എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി പ്രതിപക്ഷം

ന്യൂഡൽഹി: വൻ ഭൂരിപക്ഷത്തിൽ മൂന്നാം വട്ടവും അധികാരത്തിലേറുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ എൻ.ഡി.എ സർക്കാർ രൂപീകരണ ചർച്ചകൾക്ക് തുടക്കമിട്ടു. യഥാർത്ഥ ഫലങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ നാളത്തെ വോട്ടെണ്ണൽ ഫലം കാക്കുകയാണ് 'ഇന്ത്യ' കൂട്ടായ്‌മ.

ഇന്നലെ അരുണാചൽ പ്രദേശിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തുടർച്ച നേടിയത് എക്‌സിറ്റ് പോൾ സർവെ ഫലങ്ങൾ ശരി വയ്‌ക്കുന്നതും രാജ്യത്ത് തങ്ങൾക്ക് അനുകൂലമായ തരംഗമുണ്ടെന്ന് വ്യക്തമാക്കുന്നതുമാണെന്ന് ബി.ജെ.പി കരുതുന്നു. എക്‌സിറ്റ് പോളുകൾ ഏകപക്ഷീയമായി വൻ ഭൂരിപക്ഷം പ്രവചിച്ചതിനാൽ നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത 400ന് മുകളിൽ സീറ്റുകൾ എൻ.ഡി.എയ്‌ക്ക് ലഭിക്കുമെന്ന പ്രതീക്ഷയും നേതാക്കൾക്കുണ്ട്.

ആദ്യ നൂറു ദിവസത്തെ കർമ്മപരിപാടികൾ ആവിഷ്‌കരിക്കാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. നാലിന് യഥാർത്ഥ ഫലം അനുകൂലമായാൽ സർക്കാരിന്റെ സത്യപ്രതിജ്ഞ, സെക്രട്ടറി തല നിയമനങ്ങൾ തുടങ്ങിയവ സംബന്ധിച്ചും ബി.ജെ.പി ആലോചന തുടങ്ങി.എക്‌സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പിക്കു വേണ്ടി നേരത്തെ തയ്യാറാക്കിയതാണെന്നാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്നത്.

ന്യായീകരിച്ച്

ജൻ കീ ബാത്ത്

എക്‌സിറ്റ് പോൾ സർവെകളെ തള്ളിയ രാഹുൽ ഗാന്ധി അടക്കം പ്രതിപക്ഷ നേതാക്കൾക്ക് ഓർമ്മക്കുറവിന്റെ അസുഖമാണെന്ന് തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധനും 'ജൻ കി ബാത്ത്" സ്ഥാപകനുമായ പ്രദീപ് ഭണ്ഡാരി പറഞ്ഞു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന എക്‌സിറ്റ് പോളുകൾ കോൺഗ്രസ് സ്വാഗതം ചെയ്‌തിരുന്നു. അനുകൂലമല്ലാത്ത എക്‌സിറ്റ് പോളുകളെ തള്ളുന്നു.

'ഇത് എക്‌സിറ്റ് പോളല്ല, മോദി മീഡിയ പോളാണ്. സിദ്ധമൂസാ വാലയുടെ 295 പാട്ടു കേട്ടിട്ടില്ലേ. ഇന്ത്യ മുന്നണി 295 സീറ്റു നേടും."

-രാഹുൽ ഗാന്ധി

'തിരഞ്ഞെടുപ്പ് ഫലത്തിന് മൂന്ന് ദിവസം മുമ്പ് പുറത്തു വന്നത് ബി.ജെ.പിക്കായുള്ള വ്യാജ സർവെകൾ."

-അഖിലേഷ് യാദവ്

'എക്‌സിറ്റ് പോളുകൾ മാസങ്ങൾക്കു മുമ്പ് തയ്യാറാക്കി ഇപ്പോൾ ടിവി ചാനലുകളിൽ

പ്രചരിപ്പിച്ചതാണ്."

-ജയറാം രമേശ്


'എക്‌സിറ്റ് പോൾ പ്രവചനങ്ങളിൽ വിശ്വസിക്കുന്നില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മിക്ക എക്‌സിറ്റ് പോളുകളും ബി.ജെ.പി വിജയിക്കുമെന്ന് പ്രവചിച്ചെങ്കിലും യഥാർത്ഥ ഫലങ്ങൾ തൃണമൂലിന് അനുകൂലമായിരുന്നു".

-മമതാ ബാനർജി