
ന്യൂഡൽഹി: പഞ്ചാബിൽ തീവ്ര നിലപാടുകളുള്ള സ്വതന്ത്ര സ്ഥാനാർത്ഥികൾ ജയിച്ചത് ശ്രദ്ധേയമായി. ഖാലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേയുടെ തലവൻ അമൃത്പാൽ സിംഗ് ഖദൂർ സാഹിബിൽ നിന്ന് ജയിച്ചു. നിലവിൽ ദേശീയ സുരക്ഷാ നിയമം ചുമത്തി അസാമിലെ ജയിലിൽ അടച്ചിരിക്കുകയാണ് അമൃത്പാലിനെ. ജയിലിൽ കിടന്ന് മത്സരിച്ച അമൃത്പാൽ മൂന്നരലക്ഷത്തിലധികം വോട്ടുകൾ നേടി. ഫരീദ്കോട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച സരബ്‌ജീത് സിംഗ് ഖാൽസ, മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഘാതകനായ ബീയാന്ത് സിംഗിന്റെ മൂത്ത മകനാണ്. ബീയാന്ത് സിംഗിനെ തൂക്കിലേറ്റിയിരുന്നു. നേരത്തെ മൂന്ന് തിരഞ്ഞെടുപ്പുകളിൽ സരബ്‌ജീത് സിംഗ് ഖാൽസ തോറ്രിരുന്നു. അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 40ാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഖാലിസ്ഥാൻ അനുകൂലികളായ വോട്ടർമാരുടെ അനുകമ്പ ഇത്തവണ ബീയാന്ത് സിംഗിന്റെ മകന് തുണയായെന്നാണ് വിലയിരുത്തൽ. 70,000ൽപ്പരം വോട്ടുകൾക്കാണ് വിജയം.