
ന്യൂഡൽഹി: മൂന്നാം തവണയും പ്രധാനമന്ത്രിയാകാനൊരുങ്ങുന്ന മോദിയെ അഭിനന്ദിച്ച് ലോക നേതാക്കൾ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ അടക്കം 50ലധികം നേതാക്കളാണ് അഭിനന്ദന സന്ദേശമയച്ചത്. എല്ലാവർക്കും എക്സിലൂടെ പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ശ്രീലങ്ക, മാലെദ്വീപ്, ഇറാൻ, സീഷെൽസ് രാജ്യങ്ങളുടെ പ്രസിഡന്റുമാരും നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാൻമർ, മൗറീഷ്യസ് രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും ആശംസകൾ നേർന്നു. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് എക്സിൽ മോദിയെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത സന്ദേശത്തിൽ ആരോഗ്യകരവും സുസ്ഥിരവുമായ ചൈന-ഇന്ത്യ ബന്ധത്തിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞു. ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്ഗോംങും മോദിക്കും എൻ.ഡി.എയ്ക്കും അഭിനന്ദനം ചൊരിഞ്ഞു.
ജി 20 രാജ്യങ്ങളിൽ, ഇറ്റലി, ജപ്പാൻ പ്രധാനമന്ത്രിമാരും ദക്ഷിണ കൊറിയൻ പ്രസിഡന്റും തിരഞ്ഞെടുപ്പ് വിജയത്തിൽ മോദിയെ അഭിനന്ദിച്ചു. 'നരേന്ദ്രമോദിക്ക് പുതിയ തിരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനങ്ങൾ, ഇറ്റലിയെയും ഇന്ത്യയെയും ഒന്നിപ്പിക്കുന്ന സൗഹൃദം ശക്തിപ്പെടുത്തുന്നതിനും വിവിധ വിഷയങ്ങളിൽ സഹകരണം ഏകീകരിക്കുന്നതിനും ഒന്നിച്ച് പ്രവർത്തിക്കും- ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗ് മോദിയുടെ വിജയത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ചു.
ആഫ്രിക്കയിൽ നിന്ന്, നൈജീരിയ, കെനിയ, കൊമോറോസ് രാജ്യങ്ങളുടെ പ്രസിഡന്റുമാരും കരീബിയൻ ദ്വീപുകളായ ജമൈക്ക, ബാർബഡോസ്, ഗയാന എന്നിവിടങ്ങളിലെ നേതാക്കളും അഭിനന്ദന സന്ദേശം അയച്ചു.
രണ്ടാം മോദി സർക്കാരിലെ
18 മന്ത്രിമാർക്ക് തോൽവി
ന്യൂഡൽഹി : രണ്ടാം മോദി സർക്കാരിലെ 18 മന്ത്രിമാരാണ് പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. അമേഠിയിൽ കോൺഗ്രസിലെ കിശോരി ലാൽ ശർമ്മയോട് 1,67196 വോട്ടുകൾക്കാണ് സ്മൃതി ഇറാനിയുടെപരാജയം. കൈലാഷ് ചൗധരി രാജസ്ഥാനിലെ ബാർമെറിൽ 417,943 വോട്ടുകൾക്ക് തോറ്റെന്നുമാത്രമല്ല, മൂന്നാമതാവുകയും ചെയ്തു. പശ്ചിമ ബംഗാളിലെ കൂച്ച്ബെഹാറിൽ നിഷിത് പ്രാമാണിക് 39250 വോട്ടുകൾക്ക് തൃണമൂൽ സ്ഥാനാർത്ഥി ജഗദീഷ് ചന്ദ്ര ബർമ ബസുനിയയോട് തോറ്റു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ കോൺഗ്രസിലെ ശശി തരൂരിനോട് പരാജയപ്പെട്ടു. കേന്ദ്രമന്ത്രി വി. മുരളീധരൻ ആറ്റിങ്ങലിലും, അർജുൻ മുണ്ട ജാർഖണ്ഡിലെ ഖുൻടി മണ്ഡലത്തിലും പരാജയമറിഞ്ഞു. 149675 വോട്ടുകൾക്കാണ് അർജുൻ മുണ്ട തോറ്റത്. കർഷക രോഷത്തിനിരയായ കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയും തോറ്റു. ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കയറ്റി കൊലപ്പെടുത്തിയ കേസിൽ മകൻ ആശിഷ് മിശ്ര ടേനി മുഖ്യപ്രതിയാണ്.
തോറ്റ മറ്റുമന്ത്രിമാർ
(ബ്രാക്കറ്റിൽ തോറ്റവോട്ട്)
മഹേന്ദ്രനാഥ് പാണ്ഡെ (21565)
കൗശൽ കിഷോർ (70292)
സാധ്വി നിരഞ്ജൻ ജ്യോതി (33199)
റാവു സാഹേബ് ദൻവേ (109958)
ആർ.കെ. സിംഗ് (59808)
സഞ്ജീവ് ബല്യാൻ (24672)
എൽ. മുരുഗൻ (240585)
സുഭാസ് സർക്കാർ (32778)
കപിൽ പാട്ടീൽ (66121)
ഭാരതി പവാർ (113199)
ഭഗ്വന്ത് ഖുബ (128875)