suresh-gopi

ന്യൂഡൽഹി : കാബിനറ്റ് റാങ്ക് ലഭിക്കാത്തതിൽ സുരേഷ് ഗോപിക്ക് നീരസമാണെന്നും രാജിവയ്‌ക്കാൻ പോകുന്നുവെന്നുമുള്ള അഭ്യൂഹം പ്രചരിച്ചതോടെ വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി. രാജി സംബന്ധിച്ച വാർത്തകൾ തെറ്റാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. മോദി മന്ത്രിസഭയിൽ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്. മോദിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ വികസനത്തിന് പ്രതിജ്ഞാബദ്ധരാണെന്നും വ്യക്തമാക്കി. സുരേഷ് ഗോപി താമസിക്കുന്ന ആഢംബര ഹോട്ടലിന് പുറത്ത് മാദ്ധ്യമപ്പട കാത്തുനിന്നെങ്കിലും പരസ്യമായി പ്രതികരിക്കാൻ തയ്യാറായില്ല.

അനുനയിപ്പിച്ചെന്നും

തൃശൂരിൽ ചരിത്ര വിജയം നേടിയിട്ടും ആ നിലയിൽ പരിഗണിക്കപ്പെട്ടില്ലെന്ന വികാരം സുരേഷ് ഗോപിക്കുണ്ടെന്ന വാർത്തകളാണ് ഇന്നലെ പുറത്തുവന്നത്. സഹമന്ത്രി സ്ഥാനത്തിൽ അതൃപ്‌തനാണെന്നും വിലയിരുത്തലുണ്ടായി. കേരളത്തിലെ ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്‌ണദാസ്, എം.ടി. രമേശ്, അഡ്വ. ബി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സുരേഷ് ഗോപി താമസിക്കുന്ന ഹോട്ടലിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത് അനുനയ നീക്കമായി വ്യാഖ്യാനിച്ചു. കേന്ദ്ര നേതൃത്വം ഇടപെട്ടുവെന്നും പ്രചാരണമുണ്ടായി. എന്നാൽ, മാദ്ധ്യമങ്ങൾ പടച്ചുവിടുന്ന ഊഹാപോഹങ്ങളെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രതികരണം.