kuwait

ന്യൂഡൽഹി : കുവൈറ്ര് തീപിടിത്തത്തിൽ മരിച്ച മുംബയ് മലയാളിയുടെ അടക്കം മൃതദേഹങ്ങൾ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വ്യോമസേനയുടെ സി 130 ജെ വിമാനത്തിൽ ഡൽഹി പാലം ടെക്‌നിക്കൽ എയർപോർട്ടിൽ എത്തിച്ചത്. വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് അനുഗമിച്ചു.

മുംബയ് മലയാളിയും കരുനാഗപ്പള്ളി സ്വദേശിയുമായ ഡെന്നിസ് ബേബിയുടെ (33) മൃതദേഹം വിരാറിലെ വീട്ടിലെത്തിക്കാൻ മഹാരാഷ്‌ട്ര സർക്കാരാണ് നടപടിയെടുത്തത്. ആന്ധ്രാപ്രദേശ് സ്വദേശികളായ മൂന്നു പേരുടെയും ​ ബീഹാർ, ഒഡിഷ,​ ഉത്തർപ്രദേശ്,​ ജാർഖണ്ഡ്,​ ഹരിയാന,​ പഞ്ചാബ്,​ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഓരോരുത്തരുടെയും മൃതദേഹങ്ങൾ ഡൽഹിയിലെത്തിച്ചു. ഏറ്റുവാങ്ങാൻ ബി.ജെ.പി എം.പിമാരായ യോഗേന്ദ്ര ചണ്ഡോലിയ, കമൽജീത് സെഹ്‌രാവത്, ബാൻസുരി സ്വരാജ്, സംസ്ഥാന സർക്കാർ പ്രതിനിധികൾ എന്നിവർ എത്തി.

രണ്ട് ദിവസത്തിനകം ആശുപത്രി വിടും

കുവൈറ്രിൽ ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ നില മാത്രമാണ് ഗുരുതരമെന്ന് കേന്ദ്ര മന്ത്രി കീർത്തിവർദ്ധൻ സിംഗ് പറഞ്ഞു. മറ്റു ഭൂരിഭാഗം പേർക്കും രണ്ട് ദിവസത്തിനകം ആശുപത്രി വിടാനാകും. ചിലർക്ക് കൈയിലും കാലിലും പൊട്ടലുണ്ട്. അവരുടെ ചികിത്സ തുടരും. കുവൈറ്റ് ഭരണകൂടം ഇന്ത്യയെ വലിയ നിലയിൽ സഹായിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സാധാരണയായി 10-15 ദിവസങ്ങളെടുക്കുന്ന സാഹചര്യമാണ്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെയും ഇടപെടൽ നിർണായകമായെന്നും മന്ത്രി പറഞ്ഞു.