
ന്യൂഡൽഹി: ബി.ജെ.പിയുടെ അഹങ്കാരമാണ് 240ൽ താഴെ സീറ്റിൽ ഒതുങ്ങാൻ കാരണമെന്ന വിവാദ പ്രസ്‌താവനയിൽ മലക്കം മറിഞ്ഞ് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ശ്രീരാമന്റെ മഹാത്‌മ്യം പുനഃസ്ഥാപിച്ചവർ വീണ്ടും അധികാരത്തിലെത്തിയെന്നും എതിർത്തവർ പരാജയപ്പെട്ടുവെന്നുമാണ് ഇന്ദ്രേഷിന്റെ പുതിയ പ്രസ്‌താവന. ജയ്‌പൂരിൽ നടന്ന പരിപാടിയിലാണ് അഹങ്കാരികളായി മാറിയ പാർട്ടിയെ ശ്രീരാമൻ 240ൽ ഒതുക്കിയെന്ന് പറഞ്ഞത്. ഇതു വിവാദമായതോടെ ബി.ജെ.പിയെ പ്രശംസിച്ച് രംഗത്തെത്തുകയായിരുന്നു. 'ഇന്ത്യ' മുന്നണി രാമവിരുദ്ധരാണെന്നും പറഞ്ഞു. ദൈവത്തിന്റെ നീതി സത്യം നിറഞ്ഞതും സന്തോഷകരമാണെന്നും രാമവിരുദ്ധർ 234 സീറ്റിൽ ഒതുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ മാനസികാവസ്ഥ ഇപ്പോൾ വളരെ വ്യക്തമാണ്. ശ്രീരാമനെ ബഹുമാനിക്കുന്നവരാണ് അധികാരത്തിലുള്ളത്. എതിർക്കുന്നവർ എത്തിയില്ല.
ദിവസങ്ങൾക്ക് മുമ്പ് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും പരോക്ഷമായി ബി.ജെ.പിക്ക് അഹങ്കാരമാണെന്ന രീതിയിൽ സംസാരിച്ചിരുന്നു.
യഥാർത്ഥ സേവകൻ അഹങ്കാരമില്ലാതെ ജനങ്ങളെ സേവിക്കണമെന്നും അന്തസ് നിലനിറുത്തണമെന്നുമായിരുന്നു പറഞ്ഞത്. ഒരു വർഷത്തിനു ശേഷവും മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാത്തതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പ്രസ്‌താവനകൾ ബി.ജെ.പിയെ ലക്ഷ്യമിട്ടല്ലെന്നും വാർത്തകൾ ആശയക്കുഴപ്പം സൃഷ്‌ടിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും ആർ.എസ്.എസ് വ്യക്തമാക്കി. ആർ.എസ്.എസും ബി.ജെ.പിയും തമ്മിൽ പ്രശ്‌നങ്ങളില്ല. 'അഹങ്കാരം" പരാമർശം ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ഏതെങ്കിലും ബി.ജെ.പി നേതാവിനെയോ ഉദ്ദേശിച്ചുള്ളതല്ല-ആർ.എസ്.എസ് വൃത്തങ്ങൾ വിശദീകരിച്ചു.