g

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യവും അമർനാഥ് യാത്രയ്ക്കുള്ള തയ്യാറെടുപ്പും അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഡൽഹി നോർത്ത് ബ്ളോക്കിലെ ഓഫീസിലാണ് യോഗം.

ജമ്മു കാശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണിത്.

ജമ്മു കാശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും ഭീകരാക്രമണങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പിനെക്കുറിച്ചും ഉദ്യോഗസ്ഥർ വിശദീകരിക്കും. ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സൈന്യം, പൊലീസ്, ജമ്മു കാശ്മീർ ഭരണകൂടം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും.

കഴിഞ്ഞ ദിവസങ്ങളിൽ റിയാസി, കത്വ, ദോഡ എന്നിവിടങ്ങളിലായി നടന്ന വിവിധ ഭീകരാക്രമണങ്ങളിൽ ഒമ്പത് തീർത്ഥാടകരും ഒരു സി.ആർ.പി.എഫ് ജവാനും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം ചേർന്നു. അതിന്റെ തുടർച്ചയായാണ് ഇന്നത്തെ യോഗം.