ന്യൂഡൽഹി: ദീർഘദൂര യാത്രയ്ക്കുള്ള വന്ദേഭാരത് സ്ളീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം(ട്രയൽ റൺ) ആഗസ്റ്റിൽ നടക്കുമെന്ന് സൂചന. നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹ്രസ്വദൂര യാത്രയ്‌ക്കുള്ള വന്ദേ മെട്രോയുടെ ട്രയൽ റണ്ണും പിന്നാലെയുണ്ടാകും.
ദീർഘദൂര സർവീസ് നടത്തുന്ന പ്രീമിയം രാജധാനി, തേജസ് എക്‌സ്‌പ്രസ് ട്രെയിനുകളെ വെല്ലുന്ന സൗകര്യങ്ങളോടെയാണ് വന്ദേഭാരത് സ്ളീപ്പർ ട്രെയിനുകളുടെ വരവ്. പതിനൊന്ന് എ.സി 3 ടയർ കോച്ചുകൾ. നാല് എ.സി 2 ടയർ കോച്ചുകൾ.ഒരു ഫസ്റ്റ് ക്ളാസ് എ.സി അടക്കം 16 കോച്ചുകൾ. 823 യാത്രക്കാർക്ക് സഞ്ചരിക്കാം. എ.സി 3 ടയറിൽ 611, എ.സി 2 ടയറിൽ 188, ഫസ്റ്റ് ക്ളാസ് എ.സിയിൽ 24 എന്നിങ്ങനെയാണ് യാത്രാസൗകര്യം.
മുകളിലെ ബെർത്തിൽ
എളുപ്പം കയറാം
# ബെർത്തുകളിൽ സുഖയാത്രയ്‌ക്കായി മെച്ചപ്പെട്ട കുഷ്യനുകൾ. മിഡിൽ, അപ്പർ ബെർത്തുകളിൽ സുഗമമായി കയറാൻ രൂപകല്പന ചെയ്ത ഗോവണി
# സെൻസർ അധിഷ്ഠിത ലൈറ്റിംഗ്. രാത്രിയിൽ വഴി കാണാൻ ഇടനാഴികളിൽ സ്ട്രിപ്പുകൾ. വന്ദേ ഭാരതിലേതു പോലെ ഓട്ടോമാറ്റിക് വാതിലുകൾ
# ഭിന്നശേഷിക്കാർക്ക് പ്രത്യേക ടോയ്‌ലറ്റ്.കുലുക്കം കുറയ്‌ക്കാൻ കോച്ചുകൾക്കിടയിൽ സെമി-പെർമനന്റ് കപ്ലറുകൾ
# കോച്ചുകൾക്കുള്ളിലെ നീക്കം എളുപ്പമാക്കാൻ സീൽ ചെയ്ത ഗ്യാങ്‌വേകൾ. വേഗത മണിക്കൂറിൽ160-180 കിലോമീറ്റർ