suresh-gopi

ന്യൂഡൽഹി: 'കൃഷ്ണാ,​ ഗുരുവായൂരപ്പാ ഭഗവാനേ... കേരളത്തിൽ നിന്നുള്ള ആദ്യ ബി.ജെ.പി അംഗം സുരേഷ് ഗോപി പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്‌തത് പ്രാർത്ഥനയോടെ മലയാളത്തിൽ.

ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് മന്ത്രിമാർക്കൊപ്പം സുരേഷ് ഗോപിക്ക് സത്യപ്രതിജ്ഞയ്‌ക്ക് സമയം ലഭിച്ചത്. സ്‌പീക്കറുടെ ഇരിപ്പിടത്തിന് വലതു വശത്തുള്ള പോഡിയത്തിനടുത്തെത്തി ഗുരുവായൂരപ്പനെ വിളിച്ച്,​ മലയാളത്തിൽ സത്യവാചകം ചൊല്ലി. തുടർന്ന് സെക്രട്ടറി ജനറലിനു മുന്നിലെ രജിസ്റ്ററിൽ ഒപ്പിടും മുൻപും തൊട്ടുതൊഴുതു.

ഇളം പച്ച ഷർട്ടും മുണ്ടും ധരിച്ചെത്തിയ സുരേഷ് ഗോപിക്ക് ലോക്‌സഭാ ചേംബറിൽ വലതു വശത്ത് പ്രധാനമന്ത്രി ഇരുന്ന നിരയുടെ ഒടുവിലായിരുന്നു സീറ്റ്. മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂന് അടുത്തായി.

വൈകിട്ട് അഞ്ചുമണിയോടെയാണ് കേരളത്തിൽ നിന്നുള്ള മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നത്. കാസർകോട് നിന്നാണ് തുടങ്ങിയത്. വിദേശത്തായതിനാൽ തിരുവനന്തപുരം എം.പി ശശി തരൂരിന് എത്താനായില്ല. ഹൈബി ഈഡൻ ഹിന്ദിയിലും ഷാഫി പറമ്പിൽ, കെ.സി. വേണുഗോപാൽ, എൻ.കെ.പ്രേമചന്ദ്രൻ, അടൂർ പ്രകാശ് എന്നിവർ ഇംഗ്ളീഷിലും ബാക്കിയുള്ളവർ മലയാളത്തിലുമാണ് പ്രതിജ്ഞയെടുത്തത്.

ദൃഢപ്രതിജ്ഞയെടുത്ത്

കെ. രാധാകൃഷ്‌ണൻ

 സി.പി.എമ്മിന്റെ ഏക അംഗം കെ. രാധാകൃഷ്‌ണൻ, പ്രേമചന്ദ്രൻ, ഷാഫി പറമ്പിൽ എന്നിവർ ദൃഢപ്രതിജ്ഞയെടുത്തു. ബാക്കിയുള്ളവർ ദൈവനാമത്തിലും

 കെ.സുധാകരൻ, കൊടിക്കുന്നിൽ, കെ.സി,​ എം.കെ. രാഘവൻ,ഡീൻ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠൻ, ഷാഫി തുടങ്ങിയവർ ഭരണഘടനയുടെ പകർപ്പും കൈയിലേന്തി

 സത്യപ്രതിജ്ഞ കാണാൻ രാഹുലുമുണ്ടായിരുന്നു. രാധാകൃഷ്‌ണൻ അടക്കമുള്ളവരെ രാഹുൽ കൈപിടിച്ച് അഭിനന്ദിച്ചു. രാഹുലിന്റെ സത്യപ്രതിജ്ഞ ഇന്നാണ്

 ചടങ്ങ് വീക്ഷിക്കാൻ എം.പിമാരുടെ കുടുംബങ്ങൾ സന്ദർശക ഗാലറിയിലുണ്ടായിരുന്നു. കേരള എം.പിമാരെല്ലാം മുണ്ടുടുത്താണ് വന്നത്

കാർ ഒഴിവാക്കി തന്റെ ചിഹ്‌നമായ ഒാട്ടോയിലാണ് ഫ്രാൻസിസ് ജോർജ് താമസിക്കുന്ന കേരളാ ഹൗസിൽ നിന്ന് പാർലമെന്റിലെത്തിയത്. ഫ്രാൻസിസ് ജോർജ് 13, 14 ലോക്‌സഭകളിൽ അംഗമായിരുന്നു.