
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. സത്യപ്രതിജ്ഞ ഇന്നും തുടരും. നാളെയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. ഹിന്ദിയിൽ ദൈവനാമത്തിലായിരുന്നു മോദിയുടെ സത്യപ്രതിജ്ഞ. അതേസമയം, കൊടിക്കുന്നിലിനെ പ്രൊടെം സ്പീക്കറാക്കത്തതിൽ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറി.
പ്രോടെം സ്പീക്കറായി നിയമിതനായ ഒഡീഷയിൽ നിന്നുള്ള ബി.ജെ.പി അംഗം ഭർതൃഹരി മെഹ്താബ് രാഷ്ട്രപതിഭവനിൽ നേരത്തേ സത്യപ്രതിജ്ഞ ചെയ്തിരുന്നു. അന്തരിച്ച അംഗങ്ങൾക്ക് ആദരമർപ്പിച്ച് രാവിലെ 11ന് സഭ തുടങ്ങി. ജയിച്ച അംഗങ്ങളുടെ പട്ടിക ലോക്സഭാ സെക്രട്ടറി ജനറൽ സഭയുടെ മേശപ്പുറത്ത് വച്ചു. പിന്നാലെ സഭാനേതാവായ നരേന്ദ്രമോദിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു.
തുടർന്ന് പ്രോടെം സ്പീക്കർ പാനലിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കായി 'ഇന്ത്യ" മുന്നണിയിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ്, ടി.ആർ. ബാലു, സുധീപ് ബന്ദോപാദ്ധ്യായ എന്നിവരെ വിളിച്ചെങ്കിലും ബഹിഷ്കരിച്ചു. ബി.ജെ.പി അംഗങ്ങളായ രാധാമോഹൻ സിംഗ്, ഫഗ്ഗൻ സിംഗ് കുലസ്തെ എന്നിവർ പാനൽ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി തുടങ്ങി ക്യാബിനറ്റ് മന്ത്രിമാർ, സ്വതന്ത്രചുമതലയുള്ളവർ, സുരേഷ് ഗോപിയടക്കം സഹമന്ത്രിമാർ തുടങ്ങിയവരുടെ ഊഴം.
ഇംഗ്ളീഷ് അക്ഷരമാലാ ക്രമത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപ്, ആന്ധ്രാപ്രദേശ് എന്ന ക്രമത്തിൽ മദ്ധ്യപ്രദേശ് വരെയുള്ള സംസ്ഥാനങ്ങളിലെ അംഗങ്ങളും ആദ്യ ദിവസം സത്യപ്രതിജ്ഞ ചെയ്തു. വയനാട് അംഗത്വം രാഹുൽ ഗാന്ധി രാജിവച്ചത് പ്രോടെം സ്പീക്കർ സഭയെ അറിയിച്ചു. വൈകിട്ട് നാലിന് ശേഷം കേരളത്തിൽ നിന്നുള്ള ബാക്കി അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. വിദേശത്തായതിനാൽ ശശി തരൂർ ഹാജരായില്ല.
സത്യപ്രതിജ്ഞ ബഹിഷ്കരണം
ആദ്യ പ്രതിഷേധം
ഏറ്റവും സീനിയർ ആയ കോൺഗ്രസ് എം.പി കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കറാക്കാത്തതിനെ ചൊല്ലി 'ഇന്ത്യ" സഖ്യം പാനൽ അംഗങ്ങൾ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചത് 18-ാം ലോക്സഭയിലെ പ്രതിപക്ഷത്തിന്റെ ആദ്യ പ്രതിഷേധമായി രേഖപ്പെടുത്തി. പ്രതിപക്ഷാംഗങ്ങൾ ഭരണഘടനയുടെ ചെറുപതിപ്പുമായി പഴയ പാർലമെന്റ് മന്ദിരത്തിൽ (സംവിധാൻ ഭവൻ) നിന്ന് പ്രകടനമായാണ് എത്തിയത്.
മോദി സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയപ്പോൾ ബി.ജെ.പി അംഗങ്ങൾ കരഘോഷം മുഴക്കി. പ്രതിപക്ഷം 'ഭരണഘടന" എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സത്യപ്രതിജ്ഞ ചെയ്തപ്പോൾ 'നീറ്റ് " എന്നു വിളിച്ച് കളിയാക്കി.
ഭരണഘടനയ്ക്കെതിരെ പ്രധാനമന്ത്രിയും അമിത് ഷായും നടത്തുന്ന ആക്രമണം അനുവദിക്കില്ല. ഭരണഘടന ഒരു ശക്തിക്കും തൊടാൻ കഴിയില്ലെന്ന സന്ദേശവും നൽകാനാണ് സഭയിൽ പ്രതിഷേധിച്ചത്
- ലോക്സഭയിൽ രാഹുൽ ഗാന്ധി
അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന പൂർണമായും നിരസിക്കപ്പെട്ടതും ഭരണഘടനയുടെ ഓരോ ഭാഗവും കീറിമുറിക്കപ്പെട്ടതും രാജ്യം ഒരിക്കലും മറക്കില്ല. ജനാധിപത്യം അടിച്ചമർത്തപ്പെട്ടത് തീരാക്കളങ്കമാണ്
- മാദ്ധ്യമ പ്രവർത്തകരോട്
പ്രധാനമന്ത്രി നരേന്ദ്ര മോദി