d

ന്യൂഡൽഹി: ഫെബ്രുവരിയിൽ 17-ാം ലോക്‌സഭയുടെ അവസാന സമ്മേളനത്തിൽ നിന്ന് ഏറെ വ്യത്യാസങ്ങളോടെയാണ് 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്നലെ ചേർന്നത്. കഴിഞ്ഞ രണ്ട് ലോക്‌സഭകളിൽ നിന്നുമുള്ള വലിയ വ്യത്യാസം ഭരണ മുന്നണിയുടെയും പിന്തുണയ്‌ക്കുന്നവരുടെയും എണ്ണത്തിലുള്ള കുറവാണ്. കഴിഞ്ഞ തവണ വെറും രണ്ടു നിരയിലൊതുങ്ങിയ പ്രതിപക്ഷം ഇക്കുറി മൂന്നു നിരയിലേക്ക് കയറി. കോൺഗ്രസ് നൂറിനടുത്ത് സീറ്റു നേടി മുഖ്യ പ്രതിപക്ഷമായി.

ഫെബ്രുവരിയിൽ പിരിഞ്ഞപ്പോൾ കണ്ട പലരും ഈ ലോക്‌സഭയിൽ തിരിച്ചു വന്നില്ല. പുതിയ പാർലമെന്റ് മന്ദിരത്തിൽ പുതിയ ലോക്‌സഭയുടെ അരങ്ങേറ്റ ദിനം പലർക്കും പരിചയം പുതുക്കലിന്റേതുമായി. പുതുമുഖങ്ങൾ പരിഭ്രമം ഒളിപ്പിച്ച് മുതിർന്നവരുടെ ഉപദേശങ്ങൾ തേടി.

2004മുതൽ ലോക്‌സഭാംഗമായിരുന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. പ്രതിപക്ഷത്തെ മുൻ നിരയിൽ സോണിയയുടെ സ്ഥിരം ഇരിപ്പിടത്തിൽ മകൻ രാഹുൽ ഗാന്ധിയാണ് ഇരുന്നത്. രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്. പാർട്ടിയിലെ മുതിർന്ന അംഗം കൊടിക്കുന്നിൽ സുരേഷ്, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരും ഒപ്പം.

ഭരണപക്ഷത്ത് മുഖ്യമന്ത്രിമാരായ ശിവ്‌രാജ് സിംഗ് ചൗഹാൻ, മനോഹർ ലാൽ ഖട്ടർ, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരെ മറ്റ് ബി.ജെ.പി അംഗങ്ങൾ ബഹുമാനത്തോടെയാണ് ആനയിച്ചത്.

ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്ന് ജയിച്ച ബോളിവുഡ് താരം കങ്കണ റണൗട്ട് സഭയിലെ താരമായി. വെള്ളസാരിയുടുത്ത കങ്കണയ്‌ക്കൊപ്പം സെൽഫി എടുത്താൻ യുവ എം.പിമാർ മത്സരിച്ചു.

കോൺഗ്രസിന്റെ കെ.സി. വേണുഗോപാൽ, കേരളാ കോൺഗ്രസിന്റെ ഫ്രാൻസിസ് ജോർജ് എന്നിവർക്ക് ലോക്‌സഭയിലേക്കുള്ള മടങ്ങി വരവുകൂടിയായിരുന്നു. കർഷക നേതാവുകൂടിയായ രാജസ്ഥാനിലെ സിക്കറിൽ നിന്നുള്ള സി.പി.എം എം.പി അമരാറാം പാർലമെന്റിൽ ട്രാക്‌ടറിലെത്തിയത് കൗതുകമായി.

അഖിലേഷ് യാദവും മറ്റ്സമാജ്‌വാദി പാർട്ടി എം.പിമാരും ചുവന്ന ഷാളും ചുവന്ന തൊപ്പിയും ധരിച്ചിരുന്നു. ടി.ഡി.പി അംഗങ്ങളെത്തിയത് നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ ചിത്രമുള്ള മഞ്ഞ ഷാൾ ധരിച്ചാണ്.