rahul

ന്യൂഡൽഹി: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ലോക്സഭാ പ്രതിപക്ഷ നേതാവായി രാഹുൽഗാന്ധിയെ കോൺഗ്രസ് പ്ര്യഖ്യാപിച്ചു. രാഹുൽ പദവി ഏറ്റെടുക്കണമെന്ന് പാർട്ടി നേതൃത്വം നേരത്തേ ആവശ്യപ്പെട്ടിരുന്നു. സംഘടനാ ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി. വേണുഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

രാഹുലിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വിവരം കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി പ്രോടെം സ്‌പീക്കർ ഭർതൃഹരി മെഹ്‌താബിനെ അറിയിച്ചു. ഇന്നത്തെ സ്പീക്കർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ വസതിയിൽ ചേർന്ന ഇന്ത്യ മുന്നണി യോഗത്തിനു ശേഷമാണ് വേണുഗോപാൽ തീരുമാനം പ്രഖ്യാപിച്ചത്.

ഇന്ത്യ സഖ്യം ഭേദപ്പെട്ട അംഗബലം കൈവരിക്കുകയും കോൺഗ്രസ് അംഗങ്ങളുടെ എണ്ണം നൂറിൽ എത്തുകയും ചെയ്ത പശ്ചാത്തലത്തിൽ രാഹുൽഗാന്ധി പ്രതിപക്ഷ നേതാവുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. സർക്കാരിനെതിരെ സഭയിൽ പോരാടാൻ രാഹുൽതന്നെ പ്രതിപക്ഷ നേതാവാകണമെന്ന് 'ഇന്ത്യ' മുന്നണി കക്ഷികളും അഭിപ്രായപ്പെട്ടിരുന്നു.

പത്തു വർഷത്തിനുശേഷം ആദ്യമായാണ് പ്രതിപക്ഷ നേതാവെന്ന പദവി ലോക്സഭയിൽ തിരിച്ചെത്തുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ് ആയിരുന്നെങ്കിലും പത്തു ശതമാനം അംഗബലം ഇല്ലാത്തതിനാൽ ഔദ്യോഗികമായി പ്രതിപക്ഷ നേതാവിനെ അനുവദിക്കാൻ മോദി സർക്കാർ തയ്യാറായിരുന്നില്ല. കുറഞ്ഞത് 55 അംഗങ്ങൾ വേണമായിരുന്നു.

 മോദിയുമായി ഇനി നേർക്കുനേർ

ഭരണഘടനാ പദവിയായ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതോടെ ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടെതിർക്കാൻ രാഹുലിനാകും. പാർലമെന്റിൽ സ്വീകാര്യതയും കൂടും. സി.ബി.ഐ, ഇ.ഡി, തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനങ്ങൾ നടത്തുന്ന സമിതിയിൽ പ്രധാനമന്ത്രിയോടൊപ്പം പ്രതിപക്ഷ നേതാവും അംഗമാണ്.

രാഹുലിന്റെ വളർച്ച

 2004ൽ അമേതിയിൽ നിന്ന് ലോക് സഭയിലെത്തി രാഷ്‌‌ട്രീയത്തിൽ സജീവമായി

 2007ൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി. യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ എന്നിവയുടെ ചുമതലയും ഏറ്റെടുത്തു

 2013ൽ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ. 2017 ഡിസംബറിൽ കോൺഗ്രസ് അദ്ധ്യക്ഷൻ

 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ജൂലായിൽ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു

 2019 ൽ അമേതിയിൽ സ്മൃതി ഇറാനിയോട് തോറ്റു. വയനാട്ടിൽ ജയിച്ചു. 2009ലും 2014ലും അമേതിയിൽ ജയിച്ചിരുന്നു

 2024ൽ വയനാട്ടിലും കുടുംബ മണ്ഡലമായ റായ്ബറേലിയിലും ജയം

 ലോക്‌സഭാ തിരഞ്ഞെടുപ്പിൽയു.പിയിൽ അടക്കം കോൺഗ്രസിന്റെ തിരിച്ചുവരവിന് നേതൃത്വം നൽകി