s

ന്യൂഡൽഹി: 28 വർഷത്തിനിടെ എം.പിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ലോക്‌സഭാ സ്‌പീക്കർ ആണ് ഓം ബിർള.
1996 -1998ൽ പതിനൊന്നാം ലോക്‌സഭയിൽ സ്‌പീക്കർ ആയിരുന്ന പി.എ. സാംഗ‌്മയാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആദ്യ നേതാവ്. 1998ൽ സാംഗ്‌മ വീണ്ടും ജയിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രഹ്ലാദ് ഗുഞ്ചലിനെ 41,139 വോട്ടിന് തോൽപ്പിച്ചാണ് ബിർള കോട്ട മണ്ഡലം നിലനിറുത്തിയത്.

1999ൽ സ്‌പീക്കർ ആയ ടി.ഡി.പിയുടെ ജി.എം.സി ബാലയോഗി 2002ൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമി മനോഹർ ജോഷി തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

2004ൽ സ്‌പീക്കർ ആയ സി.പി.എമ്മിന്റെ സോമനാഥ് ചാറ്റർജി 2009 ലെ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.

2009ൽ സ്‌പീക്കർ ആയ കോൺഗ്രസ് അംഗം മീരാ കുമാർ 2014ൽ പരാജയപ്പെട്ടു. 2014ൽ ഇൻഡോറിൽ നിന്നുള്ള ബി.ജെ.പി അംഗം സുമിത്ര മഹാജൻ ആയിരുന്നു ലോക്‌സഭാ സ്‌പീക്കർ. 2019ലെ തിരഞ്ഞെടുപ്പിൽ സുമിത്ര മഹാജനെ മത്സരിപ്പിച്ചില്ല. ആ വർഷം ഓം ബിർളയ്‌ക്ക് അവസരം ലഭിക്കുകയും ചെയ്‌തു.