rahullop

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ അരങ്ങേറ്റ ദിനമായിരുന്നു ഇന്നലെ. 'ഇന്ത്യ"മുന്നണി സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിനെ മറി കടന്ന് ഔം ബിർള സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇരിപ്പിടത്തിൽ നിന്ന് ഇറങ്ങിച്ചെന്ന് പുതിയ സ്‌പീക്കറെ അഭിനന്ദിച്ചത് ഭരണപക്ഷത്തെ രാഹുൽ അദ്‌ഭുതപ്പെടുത്തി.

കഴിഞ്ഞ ദിവസങ്ങളിലേതിന് വ്യത്യസ്‌തമായി ടീ ഷർട്ട് മാറ്റി കുർത്ത ധരിച്ച്, താടി വെട്ടിയൊതുക്കി ഇരുത്തം വന്ന രാഷ്‌ട്രീയ നേതാവിന്റെ രൂപത്തിലും ഭാവത്തിലുമായിരുന്നു രാഹുൽ പാർലമെന്റിലെത്തിയത്. സ്‌പീക്കർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പുഞ്ചിരിയിൽ ഒതുക്കി. സഭയിൽ കൊടിക്കുന്നിൽ സുരേഷ്, അഖിലേഷ് യാദവ്(സമാജ്‌വാദി പാർട്ടി), ടി.ആർ.ബാലു(ഡി.എം.കെ) എന്നിവർക്കൊപ്പം മുൻനിരയിൽ. ഇരിപ്പിടത്തിൽ നിന്നിറങ്ങി ബിർളയെ അഭിനന്ദിക്കാൻ ചെന്ന രാഹുൽ, അടുത്തു നിന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കൈ കൊടുത്തു. തുടർന്ന് ബിർളയെ സ‌്‌പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.

ബിർളയെ അഭിനന്ദിച്ചു കൊണ്ട് പ്രതിപക്ഷ നേതാവെന്ന നിലയിൽ ആദ്യ പ്രസംഗം. പക്വതയോടെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗം. തീർച്ചയായും സർക്കാരിന് രാഷ്ട്രീയ ശക്തിയുണ്ട്, എന്നാൽ പ്രതിപക്ഷവും ഇന്ത്യൻ ജനതയുടെ ശബ്ദത്തെ പ്രതിനിധീകരിക്കുന്നു എന്നത് മറക്കേണ്ട. ഇത്തവണ പ്രതിപക്ഷ ശബ്‌ദം കഴിഞ്ഞ തവണത്തേക്കാൾ കൂടുതലാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കി സഭ നടത്താമെന്ന ആശയം ജനാധിപത്യ വിരുദ്ധം. സഭ എത്ര കാര്യക്ഷമമായി നടക്കുന്നു എന്നതിലല്ല, ഇന്ത്യയുടെ ശബ്ദം എത്രത്തോളം കേൾക്കാമെന്നതിലാണ് കാര്യം. ഇന്ത്യയിലെ ജനങ്ങൾക്ക് പ്രതിപക്ഷത്തിലും പ്രതീക്ഷയുണ്ടെന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചു. പ്രതിപക്ഷം ആ ജനങ്ങളെ പ്രതിനിധീകരിച്ച് ഭരണഘടനയെ സംരക്ഷിക്കും. പ്രതിപക്ഷത്തിന്റെ സഹകരണം രാഹുൽ ഉറപ്പു നൽകുകയും ചെയ്‌തു.

രാവിലെ പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ രാഹുലിനെ പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്. ഏറെ ദിവസത്തെ സസ്‌പെൻസിനൊടുവിൽ ചൊവ്വാഴ്‌ച രാത്രിയാണ് രാഹുലിനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം കോൺഗ്രസ് പ്രഖ്യാപിച്ചത്.