s

ന്യൂഡൽഹി: നീറ്റ് അടക്കം പരീക്ഷാ ക്രമക്കേടുകൾ തടയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മത്സരപ്പരീക്ഷകൾ കുറ്റമറ്റതാക്കുമെന്നും പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു. പ്രസംഗത്തിൽ അടിയന്തരാവസ്ഥയെ അപലപിച്ചത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം വിശദീകരിക്കവെ 'മണിപ്പൂർ മണിപ്പൂർ' എന്ന് പ്രതിപക്ഷം വിളിച്ചു പറഞ്ഞു.

പുതിയ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ വലിയ സാമ്പത്തിക സാമൂഹ്യ പ്രഖ്യാപനങ്ങളും ചരിത്രപരമായ നടപടികളും ഉണ്ടാവുമെന്നും രാഷ്‌ട്രപതി പറഞ്ഞു.

മത്സര പരീക്ഷകളും സർക്കാർ റിക്രൂട്ട്‌മെന്റുകളും സുതാര് സത്യസന്ധവും ആവണം. ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കും. പരീക്ഷാ ക്രമക്കേടുകൾ നിയന്ത്രിക്കാൻ കർശന നിയമം നടപ്പാക്കി. പരീക്ഷാ പ്രക്രിയയുടെ സമസ്ത മേഖലയിലും പരിഷ്കാരങ്ങൾ വരും - രാഷ്‌‌ട്രപതി പറഞ്ഞു. പ്രതിപക്ഷം അപ്പോൾ 'നീറ്റ് നീറ്റ്' എന്ന് വിളിച്ച് ഭരണപക്ഷത്തെ കളിയാക്കി.

ഭരണഘടന ആയുധമാക്കി കേന്ദ്രവും പ്രതിപക്ഷവും നടത്തുന്ന പ‌ോരിനിടെയാണ് ബുധനാഴ്‌ച സ്‌പീക്കറും ഇന്നലെ രാഷ്‌ട്രപതിയും അടിയന്തരാവസ്ഥയെ അപലപിച്ചത്. പ്രതിപക്ഷം ബഹളം വച്ചപ്പോൾ ഭരണപക്ഷം ഡെസ്‌കിലടിച്ച് പ്രോത്‌സാഹിപ്പിച്ചു. അടിയന്തരാവസ്ഥ ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണമായിരുന്നുവെന്ന് രാഷ്‌‌ട്രപതി പറഞ്ഞു. സർക്കാർ ഭരണഘടനയെ ഭരണത്തിനുള്ള ഉപാധിയായി മാത്രമല്ല, പൊതുബോധത്തിന്റെ ഭാഗമാക്കാനും ശ്രമിക്കുന്നു. അതിനാണ് നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്. 370-ാം വകുപ്പ് റദ്ദായതോടെ ജമ്മു കാശ്മീരിൽ ഭരണഘടന പൂർണ്ണമായും പ്രാബല്യത്തിൽ വന്നെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

ജനാധിപത്യ സ്ഥാപനങ്ങളിൽ വിശ്വാസം വേണം

പൊതുതിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയത് ജനാധിപത്യ സ്ഥാപനങ്ങളിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലും ജനങ്ങൾക്കുള്ള വിശ്വാസം കാരണമാണ്. തിരഞ്ഞെടുപ്പിന്റെ പവിത്രത ഉറപ്പാക്കാനാണ് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുന്നത്. സുപ്രീം കോടതി മുതൽ ജനകീയ കോടതി വരെയുള്ള എല്ലാ പരീക്ഷണങ്ങളിലും വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പിച്ചു. വോട്ടിംഗ് യന്ത്രത്തെ അവിശ്വസിക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ്.

ജനാധിപത്യത്തെ ദുർബലപ്പെടുത്താനും സമൂഹത്തിൽ വിള്ളലുണ്ടാക്കാനും വിദേശ സഹായത്തോടെ വിഘടനവാദ ശക്തികൾ ഗൂഢാലോചന നടത്തുന്നു. ഈ ശക്തികൾ കിംവദന്തികളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇത് അനുവദിക്കരുത്.

വരും വർഷങ്ങളിൽ കേന്ദ്രസർക്കാരും പാർലമെന്റും കൈക്കൊള്ളുന്ന നയങ്ങളും തീരുമാനങ്ങളും ലോകം ഉറ്റുനോക്കുന്നു. നയങ്ങളോടുള്ള എതിർപ്പും പാർലമെന്റ് തടസ്സപ്പെടുത്തുന്നതും രണ്ടാണ്. പാർലമെന്റ് സുഗമമായി പ്രവർത്തിക്കുമ്പോൾ, ജനങ്ങൾക്ക് സംവിധാനത്തിലുള്ള വിശ്വാസം കൂടും. പാർലമെന്റിൽ ഓരോ നിമിഷവും അർത്ഥപൂർണമായി വിനിയോഗിക്കുമെന്നും പൊതുതാത്പര്യത്തിന് മുൻഗണന നൽകുമെന്നും ഉറച്ചു വിശ്വസിക്കുന്നു. ഇത് ഇന്ത്യയുടെ നൂറ്റാണ്ടാണ്, അതിന്റെ സ്വാധീനം ആയിരം വർഷത്തേക്ക് നിലനിൽക്കും-രാഷ്‌ട്രപതി പറഞ്ഞു.