
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ മദ്യനയക്കേസിൽ ഇ.ഡിക്ക് പുറമെ സി.ബി.ഐയും അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി എം.പിമാർ പാർലമെന്റിലെ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നലെ സംയുക്ത സഭയെ അഭിസംബോധന ചെയ്‌തപ്പോൾ ആംആദ്മിയുടെ ലോക്‌സഭയിലെ മൂന്നും, രാജ്യസഭയിലെ പത്തും എം.പിമാർ വിട്ടുനിന്നു. രാഷ്ട്രപതി എത്തും മുൻപ് പാർലമെന്റ് വളപ്പിൽ പ്രതിഷേധ മുദ്രാവാക്യവും മുഴക്കി. 'ഇ.ഡിയെയും സി.ബി.ഐയെയും ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം"തുടങ്ങിയ പ്ലക്കാർഡുമേന്തിയായിരുന്നു പ്രതിഷേധം.
കസ്റ്റഡിയിലും ഭഗവദ്ഗീത;
പാന്റ്സിന് ബെൽറ്റില്ല
കേജ്‌രിവാളിനെ സി.ബി.ഐ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഗോവ തിരഞ്ഞെടുപ്പിൽ കോഴപ്പണം ഉപയോഗിച്ചു തുടങ്ങിയ ആരോപണങ്ങളിൽ വ്യക്തമായ മറുപടി നൽകുന്നില്ലെന്നാണ് സൂചന. കോടതി സി.ബി.ഐക്ക് മൂന്നുദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. കസ്റ്രഡിയിലും കേജ്‌രിവാൾ ഭഗവദ്ഗീത പാരായണം മുടക്കിയില്ല. ഭഗവദ്ഗീതയും, വീട്ടിൽ നിന്നുള്ള ഭക്ഷണവും, മരുന്നും, കണ്ണടയും കോടതി അനുവദിച്ചിരുന്നു. എന്നാൽ പാന്റ്സിന്റെ ബെൽറ്റ് വേണമെന്ന കേജ്‌രിവാളിന്റെ ആവശ്യം അംഗീകരിച്ചില്ല. ഭാര്യ സുനിതയ്‌ക്കും, അഭിഭാഷകർക്കും കസ്റ്റഡി ദിവസങ്ങളിൽ ഒരുമണിക്കൂർ കേജ്‌രിവാളിനെ സന്ദർശിക്കാം.
സി.ബി.ഐ അമിതാവേശം കാട്ടരുത്
കേജ്‌രിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധമല്ലെന്ന് റൗസ് അവന്യൂ കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം ഏജൻസികളുടെ അധികാരമാണ്. അതേസമയം, സി.ബി.ഐ അമിതാവേശം കാട്ടരുതെന്ന് മുന്നറിയിപ്പും നൽകി.
വിമർശനവുമായി സുനിത
കേജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്‌തതിനെ ഭാര്യ സുനിത വിമർശിച്ചു. ഈശ്വരൻ എല്ലാവർക്കും വിവേകം നൽകട്ടെ എന്നായിരുന്നു ഇതുവരെയുള്ള പ്രാർത്ഥന. ഏകാധിപതി നശിച്ചുപോകണേ എന്നാണ് ഇപ്പോഴത്തെ പ്രാർത്ഥനയെന്ന് സുനിത എക്‌സിൽ കുറിച്ചു.