ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർത്തിയ രണ്ട് പ്രതികളെ സി.ബി.ഐ ഇന്നലെ ബീഹാറിലെ പാറ്റ്നയിൽ അറസ്റ്റ് ചെയ്‌തു. കേസിൽ സി.ബി.ഐയുടെ ആദ്യ അറസ്റ്റാണിത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവും.
ചോർത്തലിലെ മുഖ്യകണ്ണികളെന്ന് കണ്ടെത്തിയ പാറ്റ്ന സ്വദേശികളായ മനീഷ്‌കുമാർ, അശുതോഷ്‌കുമാർ എന്നിവരാണ് അറസ്റ്റിലായത്. വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരും ചോദ്യപേപ്പറുകളും ഉത്തരസൂചികയും വിദ്യാർത്ഥികൾക്ക് കൈമാറിയെന്ന് സി.ബി.ഐ പറഞ്ഞു.
ആറ് കേസുകൾ
ചോദ്യപേപ്പർ ചോർച്ചയിൽ ആറ് എഫ്.ഐ.ആറുകളാണ് സി.ബി.ഐ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ബീഹാർ, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ ഒന്ന് വീതവും രാജസ്ഥാനിൽ മൂന്നും. മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലെ ചിലരെ കസ്റ്രഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ഗുജറാത്തിലെ ഗോധ്രയിൽ ചോദ്യപേപ്പറിന് പണം നൽകിയ 15ലേറെ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി. അതേസമയം, സിലബസിന് പുറത്തുള്ള ചോദ്യം ചോദിച്ചെന്ന വിദ്യാർത്ഥിയുടെ ഹർജിയിൽ ഡൽഹി ഹൈക്കോടതി എൻ.ടി.എക്ക് നോട്ടീസ് അയച്ചു. രണ്ടാഴ്ച്ചയ്‌ക്കകം മറുപടി സമർപ്പിക്കണം.
പിന്നിൽ വൻശൃംഖല
25ലേറെ വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ നൽകിയെന്ന് പ്രതികൾ സമ്മതിച്ചു
മനീഷ് പാറ്റ്നയിലെ ആളൊഴിഞ്ഞ സ്‌കൂളിൽ എത്തിച്ചാണ് മേയ് 4ന് ചോദ്യപേപ്പർ നൽകിയത്
ഇവിടെ നിന്ന് ഭാഗികമായി കത്തിയ ചോദ്യപേപ്പറുകൾ പിന്നീട് കണ്ടെടുത്തു
ചോദ്യപേപ്പർ വായിച്ചു മനസിലാക്കാൻ അശുതോഷ് വിദ്യാർത്ഥികളെ സ്വന്തം വീട്ടിൽ താമസിപ്പിച്ചു
രാഹുൽ മാങ്കൂട്ടത്തിന് ലാത്തിയടി
നീറ്റ് പരീക്ഷയുടെ വിശ്വാസ്യത നഷ്‌ടപ്പെടുത്തിയെന്നാരോപിച്ച് എൻ.എസ്.യുവും യൂത്ത് കോൺഗ്രസും ഇന്നലെ ഡൽഹിയിൽ വൻപ്രതിഷേധം ഉയർത്തി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. ജന്തർ മന്ദറിൽ പൊലീസിന്റെ ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനടക്കം പരിക്കേറ്റു. ബാരിക്കേഡുകൾ നീക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ എത്തുകയായിരുന്നു.
ഡൽഹിയിലെ എൻ.ടി.എ ആസ്ഥാനത്ത് ഇരച്ചുകയറിയ എൻ.എസ്.യു പ്രവർത്തകർ ഓഫീസ് ചങ്ങലയിട്ട് പൂട്ടി. ഇടതു വിദ്യാർത്ഥി സംഘടനകളും, എ.ബി.വി.പിയും സമരമുഖത്തുണ്ട്.