sw

ന്യൂഡൽഹി: ബ്രിട്ടീഷുകാരിൽ നിന്നുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ലോക്‌സഭാ ചേംബറിനുള്ളിൽ സ്ഥാപിച്ച ചെങ്കോൽ കാലത്തിന് യോജിച്ചതല്ലെന്നും മാറ്റണമെന്നുമുള്ള സമാജ്‌വാദി പാർട്ടി എം.പിയുടെ ആവശ്യം വിവാദത്തിന് തിരികൊളുത്തി. ഇന്നലെ രാഷ്‌ട്രപതി ദ്രൗപദി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് മടങ്ങവെ ഉദ്യോഗസ്ഥൻ ചെങ്കോലുമായി മുന്നിൽ നടന്നിരുന്നു. തുടർന്ന്

ചെങ്കോൽ രാജഭരണത്തിന്റെ പ്രതീകമാണെന്നും അതുമാറ്റി ഭരണഘടനയുടെ പകർപ്പ് വയ്‌ക്കണമെന്നും സമാജ്‌വാദി എം.പി ആർ.കെ ചൗധരി ആവശ്യപ്പെട്ടു. സ്‌പീക്കറുടെ കസേരയ്ക്ക് പിന്നിൽ ചെങ്കോൽ വച്ചത് ചോദ്യം ചെയ്‌ത് പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്‌താബിന് കത്ത് നൽകിയിരുന്നു. ഭരണഘടന ജനാധിപത്യത്തിന്റെ പവിത്ര രേഖയാണ്. ചെങ്കോൽ രാജവാഴ്ചയുടെ പ്രതീകവും. ജനാധിപത്യത്തിന്റെ ക്ഷേത്രമായ പാർലമെന്റിൽ ഏതെങ്കിലും രാജാവിന്റെ പ്രതീകമുണ്ടാകുന്നത് അനുചിതമല്ല- ചൗധരി വ്യക്തമാക്കി. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കോൺഗ്രസ് നേതാക്കളും ചൗധരിയെ പിന്താങ്ങി. എന്നാൽ ചൗധരി ഇന്ത്യൻ, തമിഴ് സംസ്‌കാരത്തെ അപമാനിക്കുകയാണെന്ന് ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. വിഭജന രാഷ്‌‌ട്രീയം കളിക്കുകയാണെന്നും എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാനും ആരോപിച്ചു. ദശാബ്‌ദങ്ങളോളം അറിയപ്പെടാതെ കിടന്ന ചെങ്കോലിന് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകാരം നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.