s

ന്യൂഡൽഹി : മദ്യനയവുമായി ബന്ധപ്പെട്ട് ഒൻപതാമത്തെ കുറ്റപത്രം ഡൽഹി റൗസ് അവന്യു കോടതിയിൽ സമ‌ർപ്പിച്ച് ഇ.ഡി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന, ഹവാല ഇടനിലക്കാരനെന്ന് ഇ.ഡി ആരോപിക്കുന്ന വിനോദ് ചൗഹാനെ പ്രതിയാക്കിയാണ് പുതിയ കുറ്റപത്രം സമർപ്പിച്ചത്. വിനോദ് ചൗഹാനും കേജ്‌രിവാളും തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തിയിരുന്നുവെന്നും ഡിജിറ്റൽ തെളിവുണ്ടെന്നും ഇ.ഡി നേരത്തെ ആരോപിച്ചിരുന്നു. 100 കോടിയുടെ പണമിടപാടിൽ 45 കോടി ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചുവെന്ന് കേന്ദ്രഏജൻസി പറയുന്നു. ഇതിൽ ഭൂരിഭാഗത്തിന്റെയും ഇടനിലക്കാരനായി വിനോദ് ചൗഹാൻ നിന്നുവെന്നാണ് കുറ്റം. പലതവണയായി വലിയ ബാഗുകളിൽ പണം ഡൽഹിയിൽ ചൗഹാന്റെ കൈകളിലെത്തി. ചൗഹാൻ ആ പണം ഹവാല റൂട്ടിലൂടെ ആം ആദ്മി പാർട്ടിയുടെ ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ചുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കി. വിനോദ് ചൗഹാനെ നേരത്തെ ഇ.ഡി അറസ്റ്ര് ചെയ്‌തിരുന്നു.

 ഇന്ന് രാജ്യവ്യാപക പ്രതിഷേധം

കേജ്‌രിവാൾ സി.ബി.ഐ കസ്റ്റഡിയിൽ തുടരുന്നതിനിടെ, ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്താൻ ആംആദ്മി പാർട്ടി. പാർട്ടി എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ തെരുവിലിറങ്ങാനാണ് തീരുമാനം. കേന്ദ്രഏജൻസികളുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാർട്ടി പ്രതിഷേധം.