
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിനെ സി.ബി.ഐ ആവശ്യപ്രകാരം 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കസ്റ്റഡിയിൽ വേണമെന്ന സി.ബി.ഐ ആവശ്യം അംഗീകരിച്ചാണ് റോസ് അവന്യു കോടതി അവധിക്കാല ബെഞ്ചിലെ പ്രത്യേക ജഡ്‌ജി സുനേന ശർമ്മയുടെ ഉത്തരവ്. കഴിഞ്ഞ 25ന് അറസ്റ്റിലായ കേജ്‌രിവാളിനെ മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു.
കേജ്‌രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഒഴിഞ്ഞുമാറുകയാണെന്നും റിമാൻഡ് അപേക്ഷയിൽ സി.ബി.ഐ ആരോപിച്ചു. ഡൽഹി മദ്യനയത്തിൽ മൊത്തക്കച്ചവടക്കാരുടെ ലാഭവിഹിതം അഞ്ചിൽ നിന്ന് 12 ശതമാനമായി ഉയർത്തിയത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകിയില്ല. കൊവിഡ് രണ്ടാം തരംഗം ശക്തമായി നിൽക്കെ ധൃതിപിടിച്ച് പുതിയ മദ്യനയം നടപ്പാക്കിയത് എന്തിനെന്ന് മറുപടിയില്ല. കൂട്ടാളിയായ വിജയ് നായരുടെ നീക്കങ്ങളെക്കുറിച്ചും മറ്റ് പ്രതികളായ മഗുന്ത ശ്രീനിവാസുലു റെഡ്ഡി, അർജുൻ പാണ്ഡെ, മൂദ ഗൗതം എന്നിവരെ കണ്ടതിനെക്കുറിച്ചും വ്യക്തമായ മറുപടിയില്ല.
മുഖ്യമന്ത്രിയും സ്വാധീനമുള്ള വ്യക്തിയുമായതിനാൽ കേജ്‌രിവാളിന് സാക്ഷികളെയും തെളിവുകളെയും സ്വാധീനിക്കാനാകുമെന്നും അന്വേഷണത്തെ തടസപ്പെടുത്തുമെന്നും സി.ബി.ഐ റിമാൻഡ് അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
പ്രതിഷേധിച്ച് ആം ആദ്‌മി
കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി ഇന്നലെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്തിന് സമീപം നടത്തിയ പ്രതിഷേധ പരിപാടിക്ക് മന്ത്രി അതിഷി, ഗോപാൽ റായ് തുടങ്ങിയവർ നേതൃത്വം നൽകി. എം.പിമാർ, എം.എൽ.എമാർ, കൗൺസിലർമാർ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കേജ്‌രിവാളിനെതിരെ തെളിവില്ലെന്ന് പറഞ്ഞ് വിചാരണക്കോടതി ജാമ്യം നൽകിയപ്പോൾ ഇ.ഡി ഭയപ്പെട്ടെന്നും അതുകൊണ്ടാണ് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതെന്നും ഗോപാൽ റായ് പറഞ്ഞു. കേജ്‌രിവാൾ പുറത്തിറങ്ങിയാൽ ജനങ്ങൾക്കു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്ന ഭയമാണ് കേന്ദ്രസർക്കാരിനെന്നും ആരോപിച്ചു.