
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈനീസ് അതിർത്തിയിലെ ദൗലത്ത് ബേഗ് ഒാൾഡിക്കടുത്ത് പരിശീലനത്തിനിടെ കരസേനയുടെ റഷ്യൻ ടി-72 ടാങ്ക് ഷിയോക്ക് നദിയിൽ മുങ്ങി ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ അടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു. ലേയിൽ നിന്ന് 148 കിലോമീറ്റർ അകലെ മന്ദിർ മോറിന് സമീപം ഇന്നലെ പുലർച്ചെ മൂന്നുമണിക്കാണ് അപകടം. റിസാൽദർ എം.ആർ.കെ. റെഡ്ഡി, ഹവൽദാർ സുബ്ബൻ ഖാൻ, ദഫേദാർ ഭൂപേന്ദ്ര നേഗി, ലാൻസ് ദഫേദാർ എക്കേദൗംഗ് തെബാം, ക്രാഫ്റ്റ്മാൻ സദർബോനിയ നാഗരാജു എന്നിവരാണ് വീരമൃതുവരിച്ചത്.
യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്കു സമീപമുള്ള ഇന്ത്യൻ സൈനികത്താവളമായ ദൗലത്ത് ബേഗ് ഒാൾഡിയിൽ വിന്യസിച്ചിട്ടുള്ള 52ാം കവചിത റെജിമെന്റിലെ സൈനികരാണ് അപകടത്തിൽപ്പെട്ടത്. നദി മുറിച്ചുകടക്കുന്ന പതിവു പരിശീലനത്തിനിടെയുണ്ടായ മിന്നൽ പ്രളയത്തിൽ ടാങ്ക് ഒഴുകിപ്പോവുകയായിരുന്നു. ഒൻപതു സൈനികരുടെ രക്ഷാസംഘം ബോട്ടിൽ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും നദിയിൽ ഒഴുക്ക് കൂടിയതിനാൽ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് അഞ്ച് മൃതദേഹങ്ങൾ വീണ്ടെടുത്തു.
സേന ഏറെക്കാലമായി ഉപയോഗിക്കുന്ന പഴയ റഷ്യൻ ടി-72 ടാങ്കുകൾ ഒഴിവാക്കി പുതിയത് വാങ്ങാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
അതിർത്തിയിൽ ചൈനയുമായുള്ള സൈനിക സംഘർഷം തുടരുന്നതിനാൽ ഇന്ത്യൻ സൈനികർ നിരന്തരം പരിശീലന അഭ്യാസങ്ങൾ തുടരുകയാണ്. കഴിഞ്ഞ ആഗസ്റ്റിൽ ലേയിൽ സൈനിക ട്രക്ക് കൊക്കയിൽ വീണ് ഒൻപത് സൈനികർ വീരമൃത്യു വരിച്ചിരുന്നു.