
ന്യൂഡൽഹി: വെള്ളിയാഴ്‌ച പെയ്‌ത കനത്ത മഴയിൽ ഡൽഹിയിലും അതിർത്തിയായ ഗ്രേറ്റർ നോയിഡയിലുമുണ്ടായ രണ്ടു സംഭവങ്ങളിൽ മതിലിടിഞ്ഞ് മൂന്ന് കുട്ടികൾ അടക്കം ആറുപേർ മരിച്ചു. വടക്കു പടിഞ്ഞാറൻ ഡൽഹിയിൽ മഴവെള്ളത്തിൽ നിന്ന് ഷോക്കേറ്റ് രണ്ടു കുട്ടികളും മരിച്ചു. ഇതോടെ ഡൽഹി മഴയിൽ മരിച്ചവരുടെ എണ്ണം പത്തായി.
യു.പിയിലെ ഗ്രേറ്റർ നോയിഡയിലെ സൂരജ്‌പൂർ ഗ്രാമത്തിലാണ് നിർമ്മാണത്തിലിരുന്ന മതിലിടിഞ്ഞ് മൂന്ന് കുട്ടികൾ മരിച്ചത്. വെള്ളിയാഴ്‌ച രാത്രി 7.45നായിരുന്നു സംഭവം. എട്ടു കുട്ടികൾ വീടിനടുത്തുള്ള മതിലിന് സമീപം കളിക്കുമ്പോഴായിരുന്നു സംഭവം. ഇടിഞ്ഞു വീണ മതിലിന്റെ അവശിഷ്‌ടങ്ങൾക്കിടെ കുടുങ്ങിയ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും അഹദ് (4), അൽഫിസ (2), ആദിൽ (8) എന്നിവരെ രക്ഷിക്കാനായില്ല.
വസന്ത്കുഞ്ചിൽ നിർമ്മാണ സ്ഥലത്ത് വെള്ളിയാഴ്‌ച മതിലിടിഞ്ഞ് കാണാതായ സന്തോഷ് യാദവ് (19), സന്തോഷ് (19), ദയാ റാം (45) എന്നീ തൊഴിലാളികളുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെ പുറത്തെടുത്തു. ഇന്നലെ ഉച്ചയ്‌ക്ക് സിർസ അടിപ്പാതയിൽ മഴവെള്ളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് ഷോക്കേറ്റ് മരിച്ചത്. 11 നും 12 നും ഇടയിൽ പ്രായമുള്ളവരാണ്. ഫയർഫോഴ്‌സ് മൃതദേഹങ്ങൾ പുറത്തെടുത്തു.