new-army-chief

ന്യൂഡൽഹി: ജനറൽ ഉപേന്ദ്ര ദ്വിവേദി രാജ്യത്തിന്റെ 30-ാമത് കരസേന മേധാവിയായി ഇന്നലെ ചുമതലയേറ്രു. വിരമിച്ച ജനറൽ മനോജ്‌ സി. പാണ്ഡെയിൽ നിന്ന് പദവിയേറ്റെടുത്തു. ജനറൽ മനോജ്‌ പാണ്ഡെയുടെ കാലാവധി മേയ് മാസം അവസാനിക്കാനിരുന്നതാണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തേക്ക് കൂടി നീട്ടി നൽകുകയായിരുന്നു. സേനയിലെ 40 വർഷത്തെ സർവീസിന്റെ അനുഭവപരിചയവുമായാണ് കരസേന മേധാവി പദത്തിലേക്കുള്ള ഉപേന്ദ്ര ദ്വിവേദിയുടെ വരവ്. 1984ൽ ജമ്മു കാശ്‌മീർ റൈഫിൾസ് റെജിമെന്റിനൊപ്പം സൈനിക സേവനം ആരംഭിച്ചു. ഇൻഫൻട്രി ഡയറക്ടർ ജനറൽ തുടങ്ങിയ നിർണായക പദവികൾ വഹിച്ചിട്ടുണ്ട്. പരം വിശിഷ്ട് സേവാ മെഡൽ, അതി വിശിഷ്ട് സേവാ മെഡൽ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷാ ഭീഷണികൾ നേരിടുന്നതിന് സേനയെ തയ്യാറാക്കുന്നതിനാണ് പ്രഥമപരിഗണനയെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി.

ചരിത്രം,​ തലപ്പത്ത്

സഹപാഠികൾ

ഇന്ത്യൻ സൈനിക ചരിത്രത്തിൽ ആദ്യമായി കര, നാവികസേനാ മേധാവി സ്ഥാനത്ത് സഹപാഠികൾ. നാവികസേന മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയും കരസേനാമേധാവി ഉപേന്ദ്ര ദ്വിവേദിയും മദ്ധ്യപ്രദേശിലെ രേവ സൈനിക വിദ്യാലയത്തിൽ ഒരേ ക്ലാസിലാണ് പഠിച്ചത്. നാഷണൽ ഡിഫൻസ് അക്കാഡമിയിൽ ഒരേ ബാച്ചിൽ പഠിച്ചിറങ്ങിയവർ ഒരേ സമയം വിവിധ സേനകളുടെ മേധാവിമാരായിട്ടുണ്ടെങ്കിലും ഒരേ ക്ലാസിൽ പഠിച്ച രണ്ടുപേർ മേധാവികളാകുന്നത് ആദ്യമാണ്. 1970ൽ അഞ്ചാം ക്ലാസ് മുതൽ അവർ ഒരുമിച്ചാണ് പഠിച്ചത്.