d

ന്യൂഡൽഹി: എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനും അതിനാവശ്യമായ തിരുത്തലിനുമാണ് താൻ കഴിഞ്ഞ ദിവസം ചില പരാമർശങ്ങൾ നടത്തിയതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഡൽഹിയിൽ വ്യക്തമാക്കി. പാർട്ടിക്ക് പറയാനുള്ളത് പറ‌ഞ്ഞു. തിരുത്താനുള്ളത് തിരുത്തും. അതിനപ്പുറമുള്ള വ്യാഖാനത്തിന്റെ കാര്യമില്ല.

ചെങ്കൊടിയുടെ തണലിൽ അധോലോകം വളരാൻ പാടില്ലെന്നാണ് കമ്മ്യൂണിസ്റ്റ് നിലപാട്. ആ നിലപാട് സി.പി.ഐയ്‌ക്കുണ്ട്. സി.പി.എമ്മിനും ഉണ്ടാകാം. തന്റെ പ്രതികരണത്തിൽ രൂക്ഷതയില്ല. സൗമ്യവും രാഷ്ട്രീയവുമുള്ള ഭാഷയിലാണ് നിലപാട് വ്യക്തമാക്കിയത്. സ്വർണം പൊട്ടിക്കലിന്റെ കഥകളും അധോലോക അഴിഞ്ഞാട്ടവും ചെങ്കൊടിയുടെ മാർഗമല്ലെന്നാണ് പറഞ്ഞത്. ഒരാളെയും പേരെടുത്ത് പറഞ്ഞിട്ടില്ല. പി. ജയരാജന്റെ മകനെയും മനു തോമസിനെയും കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ബിനോയ് വിശ്വം പ്രതികരിച്ചില്ല. ഏതെങ്കിലും നേതാവിനെ മാദ്ധ്യമങ്ങൾ ലക്ഷ്യംവയ്‌ക്കുന്നുവെങ്കിൽ അതിന് സി.പി.ഐയെ കൂട്ടുപിടിക്കേണ്ട. എൽ.ഡി.എഫ് വിടണമെന്ന കോൺഗ്രസ് നേതാവ് എം.എം. ഹസന്റെ പ്രസ്‌താവനയെ ചിരിച്ചുകൊണ്ടുതള്ളുകയാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി സി. അച്യുതമേനോൻ ആണെന്നാണ് അഭിപ്രായം. അതിന‌ർത്ഥം, പിണറായി വിജയൻ മോശമാണെന്നല്ല. തോൽവിയിൽ സി.പി.എമ്മിനും സി.പി.ഐയ്‌ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. സി.പി.എം കേന്ദ്രകമ്മിറ്റിയുടെ പ്രസ്‌താവന വന്നശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.