ipc

ന്യൂഡൽഹി: ബ്രിട്ടീഷ് ഭരണകാലത്തിന്റെ ശേഷിപ്പുകളായിരുന്ന ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം എന്നിവയ്‌ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവ ഇന്നുമുതൽ പ്രാബല്യത്തിൽ. രാജ്യത്ത് ആധുനിക ക്രിമിനൽ നീതി നിർവഹണ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. രണ്ടാം മോദി സർക്കാരാണിവ പാസാക്കിയത്. പാർലമെന്ററി സമിതിയുടെ ശുപാർശകൾ പരിഗണിച്ച്, മാറ്റത്തോടെയുള്ള ബില്ലുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2023 ഡിസംബർ 12നാണ് ലോക്സഭയിലവതരിപ്പിച്ചത്. സാമൂഹിക യാഥാർത്ഥ്യങ്ങളും, മാറുന്ന കാലത്തെ കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഭരണഘടന ഉയ‌ർത്തിപിടിക്കുന്ന ആശയങ്ങളുടെ പിൻബലത്തിലാണ് നിയമനിർമ്മാണമെന്നും കേന്ദ്രം വ്യക്തമാക്കി. നിയമങ്ങളുടെ ശരീരവും ആത്മാവും പൂ‌‌ർണമായി ഇന്ത്യനാണെന്ന് അമിത് ഷാ പ്രതികരിച്ചു.