
യോഗനാദം 2024 ജൂൺ 1 ലക്കം എഡിറ്റോറിയൽ
ഇടവപ്പാതി എത്തും മുന്നേ വീണ്ടും വെള്ളക്കെട്ടിലും പ്രളയഭീതിയിലുമായി കേരളം. വേനൽമഴയിൽ തിരുവനന്തപുരവും കൊച്ചിയും വെള്ളത്തിൽ മുങ്ങിയത് നാം കണ്ടു. 2018ൽ കേരളത്തെ ഞെട്ടിച്ച പ്രളയത്തിൽ നിന്ന് സർക്കാർ സംവിധാനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒന്നും പഠിച്ചില്ലെന്നു വേണം കരുതാൻ. ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരവും സാമ്പത്തിക കേന്ദ്രമായ കൊച്ചി നഗരവും വെള്ളക്കെട്ടിലമർന്നു. നിരവധി വീടുകളിൽ വെള്ളം കയറി. ജനജീവിതം ദുരിതമയമായി. ആദ്യമഴയ്ക്കുതന്നെ ഇതാണ് സ്ഥിതിയെങ്കിൽ ഇടവപ്പാതിയും കാലവർഷവും ശക്തമാകുമ്പോൾ എന്തായിരിക്കും അവസ്ഥയെന്ന ആശങ്കയിലാണ് ജനങ്ങൾ.
കേരളത്തിന്റെ സിലിക്കൺ വാലിയായി പറയപ്പെടുന്ന കാക്കനാട്ടെ ഇൻഫോപാർക്കിൽ വരെ വേനൽമഴ ദുരിതം വിതച്ചു. നൂറുകണക്കിനു വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. 2018ലെ പ്രളയം പോലും ബാധിക്കാത്ത പ്രദേശമായിരുന്നു കാക്കനാട്. ആരും പ്രതീക്ഷിക്കാത്ത രീതിയിലാണ് മഴക്കാലത്ത് കേരളത്തിലെ നഗരങ്ങളിലുൾപ്പടെ സ്ഥിതിഗതികൾ. വഞ്ചിയിലും അണ്ടാവുകളിലും ജെ.സി.ബികളിലും ആളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങൾ ഇവിടങ്ങളിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്. ഇൻഫോപാർക്കിലെ വെള്ളക്കെട്ട് കേരളത്തിന്റെ ഐ.ടി.വ്യവസായ സാദ്ധ്യതകൾക്കും ഭീഷണിയാണ്.
കൊച്ചി, തിരുവനന്തപുരം നഗരപ്രദേശങ്ങളിലെ വെള്ളക്കെട്ടിന് പ്രധാനകാരണം മഴക്കാലപൂർവ ശുചീകരണത്തിലെ അലംഭാവം തന്നെയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവില്ല. ചതുപ്പുകളും നെൽവയലുകളും ഒരു തത്വദീക്ഷയുമില്ലാതെ നികത്തി വീടും ഫ്ളാറ്റും വ്യവസായങ്ങളും കെട്ടിപ്പൊക്കിയതും, കായലുകളും ജലസ്രോതസുകളും കൈയേറിയതും, മാലിന്യങ്ങൾ നിറച്ചതും, അശാസ്ത്രീയമായ കാന നിർമ്മാണവുമൊക്കെ വെള്ളക്കെട്ടിന് കാരണങ്ങളാണ്. ഏതാണ്ട് സമുദ്രനിരപ്പിൽ തന്നെയുള്ള നഗരമാണ് കൊച്ചി. അവിടെ ഇങ്ങനെ വെള്ളം ഉയരുന്നത് ജനങ്ങളിൽ ഭയാശങ്കകൾ വർദ്ധിപ്പിക്കുകയേയുള്ളൂ.
മഴക്കാലപൂർവ ശുചീകരണത്തിന്റെ പേരിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോടികളാണ് ചെലവഴിക്കുന്നത്. അത് ഫലപ്രദമാകാത്തതിനു കാരണം ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും അനാസ്ഥയാണ്. കാലേക്കൂട്ടി കാനകളിലെയും മറ്റും തടസങ്ങൾ നീക്കി, വേണ്ട മുന്നൊരുക്കങ്ങൾ ചെയ്യുന്നതിനു പകരം മഴ തുടങ്ങുമ്പോൾ കടലിൽ കായംകലക്കുന്നതുപോലെ പണം ചെലവാക്കി എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുകയാണ്. ഇത്തരം ശീലങ്ങളൊക്കെ മാറുമെന്ന് പ്രളയാനന്തരം ചിന്തിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത നമ്മളാണ് വിഡ്ഢികൾ. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ കഴിഞ്ഞയാഴ്ച ഉണ്ടായ വെള്ളക്കെട്ടിന് കാരണങ്ങളിലൊന്ന് പാതിവഴിയിൽ നിലച്ചുകിടക്കുന്ന കാനകളുടെ പണികളാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. സർക്കാർ വകുപ്പുകളുടെ അലസതയും തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമതയില്ലായ്മയും മൂലമാണ് എല്ലാ വർഷവും ഈ ദുരിതം ജനങ്ങൾ നേരിടേണ്ടിവരുന്നത്.
കാനകളും തോടുകളും കനാലുകളും മറ്റും മഴയ്ക്കുമുമ്പ് വേണ്ട രീതിയിൽ കേരളം മുഴുവൻ വൃത്തിയാക്കാൻ ഫലപ്രദമായ സംവിധാനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത മനസിലാക്കി നടപടികൾ അടിയന്തരമായി സർക്കാർ കൈക്കൊള്ളണം. റോഡ്, കാന, കനാൽ നിർമ്മാണ, പുനരുദ്ധാരണ ജോലികൾ മൺസൂണിനു മുമ്പേ തീരുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ജലമൊഴുക്കിനെ ബാധിക്കുന്ന എല്ലാ നിർമ്മാണ, ശുചീകരണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാനും അനുമതി നൽകാനും വിലയിരുത്താനും വീഴ്ചകളുണ്ടായാൽ കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കാനും കഴിയുംവിധം അധികാരമുള്ള സംവിധാനങ്ങൾ താലൂക്ക് തലത്തിൽ തന്നെ ഒരുക്കുന്ന കാര്യവും സർക്കാർ പരിഗണിക്കണം. ജലസ്രോതസുകളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ വലിയ ശിക്ഷ നൽകുന്ന നിയമനിർമ്മാണം വന്നിട്ടും വേണ്ടത്ര ഫലപ്രദമായില്ലെന്ന കാര്യം കൂടി വിലയിരുത്തി വേണം ഇനിയുള്ള നടപടികൾ.
നീർച്ചാലുകൾ മുതൽ വിശാലമായ കായലുകളും നദികളും കടൽത്തീരവും ഉൾപ്പെടുന്ന ജലസ്രോതസ് കേരളത്തിന്റെ ഐശ്വര്യവും ജീവനാഡികളുമാണ്. ഇത്രയും ജലസമൃദ്ധമായ സംസ്ഥാനത്തിന് ജലസ്രോതസുകളെയും ജലസമ്പത്തിനെയും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളിലൊന്നുകൂടിയാണ് ഈ ന്യൂനത. അതിലുപരി, നമ്മുടെ സംസ്ഥാനത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് ഏറ്റവും ചെലവുകുറഞ്ഞ പരിഹാരമാണ് ജലവൈദ്യുതി. വമ്പൻ ജലവൈദ്യുതി പദ്ധതികളോട് വലിയ എതിർപ്പുണ്ടായേക്കാം. പക്ഷേ ചെറുകിട പദ്ധതികൾ പോലും നാം ആവിഷ്കരിക്കുന്നില്ല. വലിയ പരിസ്ഥിതിനാശം സൃഷ്ടിക്കാത്ത ഇത്തരം പദ്ധതികൾ തുടങ്ങുമെന്ന് പറയുകയല്ലാതെ ഒന്നും പ്രവൃത്തിപഥത്തിലെത്തുന്നില്ല. സ്വകാര്യ ചെറുകിട പദ്ധതികൾ ചിലത് തുടങ്ങിയെങ്കിലും വേണ്ടത്ര പ്രോത്സാഹനം നൽകുന്നുമില്ല.
സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ കേവലം 35 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദനം. ബാക്കി കേന്ദ്രപൂളിൽ നിന്നും അല്ലാതെയും വലിയ പണം കൊടുത്ത് വാങ്ങുന്നതാണ്. അതിന് വേണ്ടിവരുന്ന ഭീമമായ ചെലവ് ഉപഭോക്താവിന്റെ ചുമലിലും വച്ചുകെട്ടും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽപ്പോലുമില്ലാത്ത വൈദ്യുതി നിരക്കാണ് ഇവിടെ. വീടുകളിൽ സൗരോർജ്ജം ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബി വാങ്ങി പകരം അതിന്റെ നിരക്ക്, ഉപയോഗിക്കുന്ന വൈദ്യുതിയിൽ ഇളവുചെയ്തു നൽകുന്ന പദ്ധതി കുറച്ചു നാളായി വലിയ ജനപ്രീതി നേടിവരികയായിരുന്നു. ഉപഭോക്താവിൽ നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് കുറയ്ക്കുമെന്ന പുതിയ നിർദേശങ്ങൾ അതും ഇല്ലാതാക്കുന്ന സ്ഥിതിയിലാക്കി. വൈദ്യുതി പ്രതിസന്ധി മറികടക്കാനെന്ന പേരിൽ പുറത്തുനിന്ന് വൈദ്യുതി വലിയ വിലയ്ക്ക് വാങ്ങാനല്ലാതെ ഉത്പാദിപ്പിക്കാൻ അവർക്ക് ശുഷ്കാന്തിയുമില്ല. ജീവനക്കാരുടെ യൂണിയനുകളാണ് കെ.എസ്.ഇ.ബിയുടെ നയങ്ങൾ തീരുമാനിക്കുന്നത്. മറ്റൊരു കെ.എസ്.ആർ.ടി.സി ആകാനുള്ള പുറപ്പാടിലാണ്കെ.എസ്.ഇ.ബി.
ഇടമലയാർ വൈദ്യുതി പദ്ധതിയിൽ നിന്നുള്ള വെള്ളം ഭൂതത്താൻകെട്ട് ബാരേജിലൂടെ വെറുതേ പുറത്തേക്ക് ഒഴുക്കി കളയുകയാണ്. ഇത് വീണ്ടും വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കാനുള്ള പദ്ധതിയുടെ നിർമ്മാണം രണ്ട് പതിറ്റാണ്ടായിട്ടും തീർന്നിട്ടില്ല. അമൂല്യമായ ജലസമ്പത്ത് ഉണ്ടായിട്ടും വെറുതേ ഒഴുകി അറബിക്കടലിലേക്ക് പോകുന്നതല്ലാതെ വൈദ്യുതി പദ്ധതികൾ ആസൂത്രണം ചെയ്യാൻ കെ.എസ്.ഇ.ബിയ്ക്ക് നേരമില്ല. മുൻസർക്കാരുകൾക്കും കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് ഗൗരവവും ഫലപ്രദവുമായ ഇടപെടലുകളും നടത്താൻ സാധിച്ചില്ല. കൂടുതൽ ഉണർവോടെ കെ.എസ്.ഇ.ബിയെ കാര്യക്ഷമമാക്കാനും പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും ഈ സർക്കാരെങ്കിലും ഇനി മുൻകൈയെടുക്കണം. മൺസൂൺകാലത്ത് ജലം ഡാമുകളിൽ ശേഖരിക്കാനായാൽ തന്നെ വെള്ളപ്പൊക്കത്തിന് ഒരുപരിധിവരെ പരിഹാരമാവുകയും ചെയ്യും.