
കേരള സർക്കാരിന്റെ കീഴിലുള്ള കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി 2024- 25 വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ജൂൺ 15 മുതൽ അപേക്ഷിക്കാം. കേരളത്തിലുടനീളമുള്ള പഠിതാക്കൾക്കായി
വിദൂര വിദ്യാഭ്യാസത്തിലൂന്നിയുള്ള കോഴ്‌സുകളാണ്. ഏറെ പുതുമയോടെയാണ് യു.ജി.സി ഡി.ഇ.ബി അംഗീകാരത്തോടെ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നത്. എല്ലാ കോഴ്‌സുകൾക്കും യു.ജി.സി.യുടെ അംഗീകാരമുണ്ട്.
16 ബിരുദ പ്രോഗ്രാമുകളും 12 ബിരുദാനന്തര പ്രോഗ്രാമുകളും ഈ അദ്ധ്യയന വർഷം യൂണിവേഴ്‌സിറ്റി നടത്തുന്നുണ്ട്. നാലു വർഷ കാലയളവിലുള്ള ആറ് ഓണേഴ്‌സ് പ്രോഗ്രാമുകളുണ്ട്. ബി.കോം (ഫിനാൻസ് & കോഓപ്പറേഷൻ, ലോജിസ്റ്റിക് & സപ്ലൈ ചെയിൻ മാനേജ്മെന്റ്)), ബി.ബി.എ (HR, Marketing, ലോജിസ്റ്റിക് & സപ്ലൈ ചെയിൻ മാനേജ്മെന്റ്), ബി.എ ഹിസ്റ്ററി, മലയാളം, സോഷ്യോളജി, ഇംഗ്ലീഷ് എന്നിവയിലാണ് ഓണേഴ്‌സ് പ്രോഗ്രാമുള്ളത്.
ഹിന്ദി, സംസ്‌കൃതം, അറബിക്, അഫ്‌സൽ ഉൽ ഉലമ, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, നാനോ ഓൺട്രപ്രെന്യൂർഷിപ്, ഫിലോസഫി with specialization in ശ്രീനാരായണ ഗുരു സ്റ്റഡീസ്, ഇക്കണോമിക്‌സ്, ബി.സി.എ എന്നിവയിൽ യു.ജി പ്രോഗ്രാമുകളുണ്ട്. ബി.എ നാനോ ഓൺട്രപ്രെന്യൂർഷിപ് പ്രോഗ്രാം സംരംഭകത്വത്തിനും സ്റ്റാർട്ടപ്പിനും പ്രോത്സാഹനം നൽകുന്നതാണ്.
പി.ജി പ്രോഗ്രാമുകൾ
........................................
ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്‌കൃതം, അറബിക്, ഹിസ്റ്ററി, ഫിലോസഫി, ഇക്കണോമിക്‌സ് സോഷ്യോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, പൊളിറ്റിക്കൽ സയൻസ് എന്നിവയിൽ എം.എ പ്രോഗ്രാമുകൾ, എം.കോം എന്നിവയുണ്ട്. ഏതു പ്രായത്തിലുള്ളവർക്കും അപേക്ഷിക്കാം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം പൂർത്തിയാക്കിയവർക്ക് ബിരുദ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ബിരുദം പൂർത്തിയാക്കിയവർക്ക് ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഇതിനു മിനിമം യോഗ്യത മാത്രം മതിയാകും.
മറ്റ് സർവകലാശാലകളിലോ സ്ഥാപനങ്ങളിലോ നിലവിൽ പഠിക്കുന്നവർക്കും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ഒരു പ്രോഗ്രാമിന് ചേരാനും അവസരമുണ്ട്. ഓൺലൈൻ രജിസ്റ്റർ ചെയ്യുമ്പോൾ ഡ്യുവൽ ഡിഗ്രി ഓപ്ഷൻ എടുത്താൽ മതിയാകും.
തൊഴിലധിഷ്ഠിതം
.....................................
എല്ലാ പ്രോഗ്രാമുകളിലും നൈപുണ്യ വികസനത്തിനും പ്രായോഗിക പരിജ്ഞാനത്തിനും പ്രാധാന്യം നൽകുന്നതാണ്. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ രീതിയിൽ 23 ലേണിംഗ് സപ്പോർട്ട് കേന്ദ്രങ്ങളുണ്ട്. ലേണിംഗ് സപ്പോർട്ട് കേന്ദ്രങ്ങളിൽ അവധി ദിവസങ്ങളിൽ വിദഗ്ദ്ധരായ അദ്ധ്യാപകർ തയ്യാറാക്കിയ സ്വയം പഠനപുസ്തകങ്ങൾ വഴിയുള്ള കോൺടാക്ട് ക്ലാസ് നൽകും. വെർച്വൽ ക്ലാസുകളും ലൈവ് ഓൺലൈൻ ക്ലാസുകളും ഉണ്ടാകും. എൽ ഡെസ്‌ക് ആപ്, ഫ്‌ളിപ് ബുക്ക്, റെക്കോർഡഡ് ക്ലാസുകൾ എന്നിവ സർവകലാശാലയുടെ പ്രത്യേകതകളാണ്. വ്യവസായശാലകളിലെ പരിശീലനം, പ്ലേസ്‌മെന്റ് എന്നിവയ്ക്കും അവസരമൊരുക്കും. കേരളത്തിൽ 50 പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്.
അപേക്ഷിക്കാൻ www.sgou.ac.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:
0494 2966841, 9188909901, 9188909902, 9188909903.