1
പെരുമ്പടപ്പിലെ ഗതാഗതക്കുരുക്ക്

പള്ളുരുത്തി: പെരുമ്പടപ്പിലെ അനധികൃത ബസ് പാർക്കിംഗ് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു. പെരുമ്പടപ്പ് സ്റ്റാൻഡിന് സമീപമുള്ള റോഡിന്റെ ഇരുവശവും പത്തോളം സ്വകാര്യ ബസുകളാണ് അനധികൃതമായി നിർത്തിയിട്ടിരിക്കുന്നത്. ഈ ബസുകളിൽ മറ്റ് വാഹനങ്ങൾ ഇടിച്ച് അപകടമുണ്ടാകുന്നത് പതിവാണ്. പാലത്തിന്റെ അപ്രോച്ച് റോഡിൽ അനധികൃതമായി നിർത്തിയിട്ട ബസിൽ ബൈക്കിടിച്ച് ഒരു വർഷം മുമ്പ് യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. അരൂർ - തുറവൂർ ഭാഗത്ത് എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം നടക്കുന്നതിനാൽ ആലപ്പുഴ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ ഉൾപ്പെടെ പെരുമ്പടപ്പിൽ കൂടിയാണ് പോകുന്നത്. സ്വകാര്യ ബസുകൾ അനധികൃത പാർക്കിംഗ് കാരണം രൂക്ഷമായ ഗതാഗത കുരുക്കാണ് മേഖലയിൽ പതിവാണ്. ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ നാട്ടുകാർ പലതവണ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്. ഒരേ സമയം രണ്ടു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത വിധമുള്ള ഈ അനധികൃത പാർക്കിംഗ് അവസാനിപ്പിക്കണമെന്ന് സി.പി.എം ഇടക്കൊച്ചി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ ഡി.വൈ.എഫ്.ഐ ഇടക്കൊച്ചി മേഖല കമ്മിറ്റി ട്രാഫിക് എൻഫോഴ്സ്‌മെന്റിൽ പരാതി നൽകി.