കൊച്ചി: കനത്തമഴയിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നതിനിടെ മാലിന്യം ചാക്കിലാക്കി ഓടയിൽ തള്ളുന്ന പ്രവണത വർദ്ധിച്ചുവരുന്നുവെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. ആരെന്നറിയാത്തതിനാൽ ഇതിനെതിരെ നടപടി എടുക്കാനാവാത്ത അവസ്ഥയിലാണ് അധികൃതർ.
ഇടപ്പള്ളി രാഘവൻപിള്ള റോഡിലെ കാന ചങ്ങാടംപൊക്ക് തോട്ടിൽ ചേരുന്ന സ്ഥലത്ത് ചാക്കുകളിൽ മാലിന്യം കുത്തിനിറച്ച് വച്ചത് വലിയ രീതിയിൽ വെള്ളക്കെട്ടിന് കാരണമായി. മരം വെട്ടിയതിന്റെ അവശിഷ്ടങ്ങളും ഈ ഓടയിലേക്കാണ് തള്ളിയത്. ആരുംകാണതെയാണ് ഈ ദ്രോഹം ചെയ്യുന്നതെന്ന് മേയർ പറഞ്ഞു. രാഘവൻപിള്ള റോഡിൽ പോപ്പുലർ ഓട്ടോമൊബൈൽസ് കഴിഞ്ഞുള്ള തടിപ്പാലം മുതൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് വരെ നല്ലൊരു മഴപെയ്താൽ വെള്ളക്കെട്ട് ഉണ്ടാകും. ചങ്ങാടംപോക്ക് തോട് വേലിയേറ്റ സമയത്ത് നിറഞ്ഞു നിന്നാൽ റോഡിൽ നിന്നുള്ള വെള്ളം ഒഴുകി പോകാൻ താമസിക്കുന്നതാണ് പ്രധാനകാരണം. ഇതിനിടയിലാണ് മാലിന്യം ചാക്കുകളിലും കിറ്റുകളിലും നിറച്ച് കാനയിലേക്ക് തള്ളുന്നത്. സാനിറ്ററി വേസ്റ്ര് മുതൽ ഭക്ഷണാവശിഷ്ടം വരെ ഇതിലുണ്ട്.
തൃക്കാക്കരയിൽ സാനിറ്ററി വേസ്റ്റ്
തൃക്കാക്കര നഗരസഭയിൽ കുന്നുംപുറത്തെ ഓടയിൽ അടിഞ്ഞ സാനിറ്ററി വേസ്റ്റ് നീക്കം ചെയ്യാൻ പെട്ടി ഓട്ടോറിക്ഷ വേണ്ടി വന്നു. ചാക്കുകളിലാക്കി കെട്ടിയിട്ട മാലിന്യം വെള്ളത്തിൽ കിടന്ന് ചീർത്ത് കാനയിൽ ഒഴുക്ക് തടസപ്പെട്ടു. ശുചീകരണ തൊഴിലാളികളെത്തിയാണ് ഇത് നീക്കം ചെയ്തത്. പലടത്തും കാനയും തോടും കൈയ്യേറിയിരിക്കുകയാണെന്ന് കൗൺസിലർ റഷീദ് ഉള്ളംപിള്ളി പറഞ്ഞു. അഭ്യസ്തവിദ്യരായ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളാണ് ഇത്തരത്തിൽ സാനിറ്ററി വേസ്റ്റ് ഓടകളിലേക്ക് തള്ളുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോർപ്പറേഷനിൽ മാലിന്യ നീക്കം സുഗമമായി നടക്കുമ്പോഴാണ് ഇത്തരത്തിൽ ഓടകളിലേക്ക് മാലിന്യം തള്ളുന്നത്. നഗരവാസികൾ സ്വയം വിലയിരുത്തണം. രാത്രികാലങ്ങളിലാണ് മാലിന്യം തള്ളുന്നത്.
അഡ്വ. എം. അനിൽകുമാർ
മേയർ