padam

കൊച്ചി: ഇടുക്കിയിലെ ഭീതിപ്പെടുത്തുന്ന ചെങ്കുത്തായ റോഡുകളിൽ ചക്രഷൂവിൽ കുതിച്ച് തീവ്രപരിശീലനത്തിലാണ് ഗായത്രി ലീമോൻ. ഇറ്റലിയിൽ സെപ്തംബറിൽ നടക്കുന്ന 64ാമത് ഇന്റർനാഷണൽ സ്കേറ്രിംഗ് ചാമ്പ്യൻഷിപ്പിൽ ഏറ്രവും അപകടകാരിയും താരപ്പകിട്ടുള്ളതുമായ 'ഡൗൺഹിൽ' ഇനത്തിൽ മത്സരിക്കാനാണ് പരിശീലനം.

വളഞ്ഞുപുളഞ്ഞ് കുത്തനെ താഴേക്കുള്ള 1.6 കി.മി ദുർഘടപാതയിലൂടെ കുതിച്ച് 54 സെക്കൻഡിനകം ഫിനിഷ് ചെയ്യണം! അണ്ടർ 19 വിഭാഗത്തിലാണ് ഗായത്രി മത്സരിക്കുക. 12 ഗെയിമുകളാണ് സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ. ഏറ്രവും പ്രധാനമാണ് ഡൗൺഹിൽ.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. തുട‌ർച്ചയായി രണ്ടാം തവണ ഡൗൺഹിൽ ദേശീയചാമ്പ്യനായി.

ഡൗൺഹിൽ ട്രാക്ക് കേരളത്തിൽ ഇല്ലാത്തതിനാൽ കയറ്റവും ഇറക്കവുമുള്ള കുട്ടമ്പുഴ, തട്ടേക്കാട്, മൂലമറ്റം റോഡുകളിലാണ് ഗായത്രിയുടെ പരിശീലനപ്പറക്കൽ. വാഹനത്തിരക്ക് മൂലം ആഴ്ചയിൽ ഒന്നു രണ്ട് ദിവസമേ പരിശീലനം സാധിക്കൂ.

ഇരിങ്ങോൾ റോട്ടറി ക്ലബ്ബിൽ സ്കേറ്രിംഗ് പരിശീലനം കണ്ടപ്പോഴാണ് മോഹമുദിച്ചത്. നാലാം ക്ലാസിൽ പഠിക്കവേ സ്കേറ്റിംഗ് കോച്ചും മുൻ ഇന്ത്യൻ താരവുമായ കെ.എസ്. സിയാദിന് ദക്ഷിണ വച്ചു. എട്ടാം ക്ളാസായപ്പോഴേക്കും സ്പീഡ് ഇനത്തിൽ സംസ്ഥാന ചാമ്പ്യനായി. നേടിയ മെഡലുകൾ ഒട്ടേറെ.

ജി.എസ്.ടി കൺസൾട്ടന്റുമാരായ ഇരിങ്ങോൾ തറേപ്പറമ്പിൽ ലീമോൻ അശോക്, ജെയിനി ദമ്പതിമാരുടെ മകളാണ്. സഹോദരൻ വൈഷ്ണവും സ്കേറ്രിംഗിൽ സംസ്ഥാന ചാമ്പ്യനാണ്.

 വേണം 6 ലക്ഷം

സ്കേറ്രിംഗ് ഷൂവിന് ഒരു ലക്ഷം രൂപ. അനുബന്ധ സാധനങ്ങൾക്കും വൻവില. ഇറ്രലിക്ക് പറക്കാൻ ആറ് ലക്ഷം വേണം. നിശ്ചിത തുക സെന്റ് പീറ്റേഴ്സ് സ്കൂൾ വഹിക്കും. സ്പോൺസറെ കണ്ടെത്താനുള്ള ഓട്ടത്തിലാണ്. തമിഴ്നാട്ടിൽ നിന്ന് ഇന്ത്യൻ ടീമിലെത്തിയ വിദ്യാർത്ഥികളുടെ ചെലവ് സ‌ർക്കാരാണ് വഹിക്കുന്നത്.

ഡൗൺഹിൽ സ്വ‌ർണമെഡൽ ആണ് ആഗ്രഹം. അതിനുള്ള കഠിന പരിശീലനത്തിലാണ്

--ഗായത്രി ലീമോൻ