y
അയിനിത്തോട് കായലിൽ ചേരുന്ന ഭാഗത്തെ ചെളി നീക്കം ചെയ്ത് ആഴം കൂട്ടുന്നു

മരട്: മേജർ ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ നഗരസഭയുടെ പരിധിയിൽ വരാത്ത അയിനിത്തോട് കായലിൽ ചേരുന്ന ഭാഗത്തെ ചെളി നീക്കം ചെയ്ത് ആഴം കൂട്ടിയതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമായി. കായലിലെ ചെളി നീക്കം ചെയ്യാൻ നഗരസഭയ്ക്ക് അനുമതി ഇല്ലായിരുന്നു. നഗരസഭയുടെ ആവശ്യപ്രകാരം ഓപ്പറേഷൻ വാഹിനി എന്ന പദ്ധതിയിൽപ്പെടുത്തിയാണ് മേജർ ഇറിഗേഷൻ വകുപ്പ് ഇതുമായി സഹകരിച്ചത്. മരടിലെ 9 വാർഡുകളിലൂടെ ഒഴുകുന്ന തോടിന്റെ പരിസര പ്രദേശങ്ങളിൽ വെള്ളക്കെട്ട് സാധാരണമായിരുന്നു. കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും തോടിന് ആഴംകൂട്ടി നീരൊഴുക്കിന് തടസമാകുന്ന ഭാഗങ്ങളുടെ ഗതി മാറ്റുകയും ഉയർന്ന കൽവർട്ടുകൾ നിർമ്മിക്കുകയും ചെയ്തതോടെയാണ് വർഷംതോറുമുള്ള വെള്ളക്കെട്ടിന് പരിഹാരമായത്.

മേജർ ഇറിഗേഷൻ എക്സി. എൻജിനീയർ ലിപി പി. മാർക്കോസ്, എഞ്ചീനിയർ ആർദ്ര സുകുമാരൻ എന്നിവർ നേതൃത്വം നൽകി. ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്‌മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോഭ ചന്ദ്രൻ, റിയാസ് കെ. മുഹമ്മദ്, റിനി തോമസ്, ബേബി പോൾ, കൗൺസിലർ ചന്ദ്രകലാധരൻ എന്നിവർ നിർദ്ദേശങ്ങൾ നൽകി.