
മൂവാറ്റുപുഴ: അവധിക്കാലത്ത് ക്രിക്കറ്റും ഫുട്ബാളും മൊബൈൽഫോണും മറ്റുമായി കൂട്ടുകാർ കളിത്തിരക്കിലായപ്പോൾ മുഹമ്മദ് റാഫിയുടെ പ്ലാൻ മറ്റൊന്നായിരുന്നു. അവധിക്കാലം കഴിയുമ്പോഴേക്കും തന്റെ സ്കൂളിലേക്ക് സ്വന്തം കൈ കൊണ്ട് നിർമ്മിച്ച കുറച്ച് ചോക്കുകൾ നൽകണമെന്നായിരുന്നു ഏഴാം ക്ളാസ് വിദ്യാർത്ഥിയായ റാഫിയുടെ ഉള്ളിൽ. സ്കൂൾ തുറക്കുന്ന ജൂൺ 3ന് റാഫി നിർമ്മിച്ച ആയിരത്തോളം ചോക്കുകൾ പായിപ്ര സർക്കാർ യു.പി സ്കൂളിന് കൈമാറും.
ചെറുവട്ടൂർ ഊരംകുഴിയിൽ താമസിക്കുന്ന മോനിക്കാട്ടിൽ എം.എം റസ്റ്റമിന്റെയും അജ്മി ഇബ്രാഹിമിന്റെയും രണ്ടാമത്തെ മകനാണ് ഈ മിടുക്കൻ. പായിപ്ര ഗവ. സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം സോപ്പ്, ലോഷൻ, ചന്ദനത്തിരി തുടങ്ങിയവ നിർമ്മിക്കാൻ കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. ഇതിൽ ഇഷ്ടം തോന്നിയ റാഫി ശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ മത്സരിക്കുകയും ചെയ്തിരുന്നു.
ആറാംക്ലാസിലെ പാഠപുസ്തകത്തിൽ നിന്നാണ് ചുണ്ണാമ്പ് കൊണ്ട് ചോക്ക് നിർമ്മിക്കാമെന്ന് റാഫി അറിഞ്ഞത്. അവധിക്കാലത്ത് യൂട്യൂബിൽ ചോക്ക് നിർമ്മാണം കണ്ടുമനസ്സിലാക്കി. പിതാവ് നിർമ്മാണ സാമഗ്രികൾ വാങ്ങി നൽകി. മേയ് മാസം ആദ്യം ചോക്കുണ്ടാക്കാൻ തുടങ്ങി.
അളവും സമയവും കൃത്യമാവണം
ചോക്കുപൊടിയും മറ്റ് നിർമ്മാണ വസ്തുക്കളും കൃത്യമായ അളവിൽ ചേർത്താണ് ചോക്കുണ്ടാക്കേണ്ടത്. 48എണ്ണമുള്ള ഒരു സെറ്റ് ഉണ്ടാക്കാൻ ഒരു മണിക്കൂറെടുക്കും. ആദ്യത്തെ സെറ്റ് ചോക്ക് ആകെ പാളിപ്പോയെങ്കിലും പിന്മാറാൻ റാഫി തയ്യാറായില്ല. ചോക്കുകൾ വെയിലത്ത് വച്ച് ഉണക്കിയെടുത്താലേ ഉപയോഗിക്കാനാകൂ. നല്ല വെയിലുണ്ടെങ്കിൽ രണ്ട് ദിവസമെടുക്കും ഉണങ്ങാൻ. കനത്ത മഴയിൽ കഷ്ടപ്പെട്ടാണ് സ്കൂളിലേക്ക് നൽകേണ്ട അവസാന ചോക്കുകൾ റാഫി ഉണക്കിയെടുത്തത്.
സ്കൂളിലേക്ക് ചോക്ക് നൽകാനായതിൽ സന്തോഷമുണ്ട്. അടുത്ത പ്രവൃത്തി പരിചയ മേളയ്ക്ക് ചോക്കുനിർമ്മാണത്തിൽ മത്സരിക്കണം. അതിന് ഇതൊരു പരിശീലനമാകുകയും ചെയ്യും.
റാഫി
സ്കൂളിലേക്ക് ചോക്കുകൾ നിർമിച്ച് മാതൃകയായ മുഹമ്മദ് റാഫിയെ പ്രവേശനോത്സവ ദിനത്തിൽ ആദരിക്കും.
വി.എ റഹീമ ബീവി
ഹെഡ്മിസ്ട്രസ്