nadappatha
മൂവാറ്റുപുഴയാറിലെ പുഴയോര നടപ്പാതകളിലും കുളികടവുകളിലും വെള്ളം കയറിയപ്പോൾ

മൂവാറ്റുപുഴ: മലയോരമേഖലയിൽ മഴകനത്തതോടെ മൂവാറ്റുപുഴയാർ നിറഞ്ഞുകവിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലാണ്. കാളിയാർ, തോടുപുഴ, കോതമംഗലം ആറുകൾ അപകടകരമാംവിധം നിറഞ്ഞൊഴുകുകയാണ്. ഇവ സംഗമിച്ചാണ് മൂവാറ്റുപുഴയാർ ഒഴുകുന്നത്. ചന്തക്കടവുമുതൽ ലതാപാലംവരെയുള്ള പുഴയോര നടപ്പാതകളും കുളിക്കടവുകളും വെള്ളത്തിൽ മുങ്ങി.

മലങ്കരഡാമിന്റെ ആറ് ഷ‌ട്ടറുകൾ ഉയർത്തിയതോടെ തൊടുപുഴയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. കിഴക്കൻമേഖലയിൽ മഴശക്തിപ്പെട്ടതോടെ കാളിയാർ പുഴയും നിറഞ്ഞു. മഴകനത്താൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലടിയിലാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. മേഖലയിലെ ചെറുതോടുകളും പുഴകളും പാടശേഖരങ്ങളും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം ഉയർന്നതിനാൽ ഇനിയും മലയോരമേഖലയിൽ കനത്തമഴ പെയ്താൽ പ്രതിസന്ധി രൂക്ഷമാകും. നിലവിൽ പ്രളയഭീതി നിലനിൽക്കുകയാണ്.

2018ലും 19ലും 20ലുമുണ്ടായ കനത്ത മഴയിൽ മൂവാറ്റുപുഴയിൽ വ്യാപകനാശനഷ്ടം സംഭവിച്ചിരുന്നു. വാണിജ്യമേഖലയിൽ കോടികളുടെ നഷ്ടമുണ്ടായി. നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു.

താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം തുറന്നു. ഫോൺ നമ്പർ: 0485 2813773.

അഗ്നിശമനസേനയും പൊലീസും സന്നദ്ധസംഘടനകളും ഏതു സാഹചര്യവും നേരിടുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.