കൊച്ചി: പണമൂറ്റാനുള്ള സ്രോതസായാണ് കെ.എസ്.എഫ്.ഇയെ സംസ്ഥാന സർക്കാർ കാണുന്നതെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് അസോസിയേഷൻ 24ാം സംസ്ഥാന സമ്മേളനം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എസ്.എഫ്.ഇ ഉണ്ടാക്കുന്ന ലാഭം കൊണ്ടുപോകുന്ന സർക്കാർ, സ്ഥാപനത്തെ ഇന്നത്തെ രൂപത്തിലാക്കിയ ജീവനക്കാരെ കാണുന്നില്ല. ജീവനക്കാരുടെ ആനുകൂല്യങ്ങൾ, ഇടക്കാലാശ്വാസം തുടങ്ങിയവയിൽ ഒന്നും ചെയ്യുന്നില്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇവയെല്ലാം കൃത്യമായി ചെയ്തിരുന്നതായും തിരുവഞ്ചൂർ പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആന്റോ ആന്റണി എം.പി അദ്ധ്യക്ഷത വഹിച്ചു.
സർവീസിൽ നിന്നു വിരമിച്ച സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എ. മൻസൂറിന് തിരുവഞ്ചൂർ രാധാകൃഷ്ണനും കെ. ബാബു എം.എൽ.എയും ചേർന്ന് ഉപഹാരം കൈമാറി.
കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ, കെ.എസ്.എഫ്.ഇ.ഒ.എ സംസ്ഥാന മുൻ ജനറൽ സെക്രട്ടറി എം.എസ്. ചന്ദ്രബോസ്, ബേബി ജേക്കബ്, എസ്. വിനോദ്, ജയചന്ദ്രൻ, വിനോദ് കുമാർ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, സുശീലൻ, അനസ്, ഇഖ്ബാൽ, രാകേഷ് തുടങ്ങിയവർ സംസാരിച്ചു.