khra
ആലപ്പുഴയിൽ പൊലീസുകാരൻ ആക്രമിച്ച അഹ്‌ലാൻ ഹോട്ടൽ കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ജില്ലാ ഭാരവാഹികളോടെപ്പം സന്ദർശിക്കുന്നു

കൊച്ചി: ആലപ്പുഴ വലിയ ചുടുകാടിന് സമീപമുള്ള അഹ്‌ലാൻ ഹോട്ടൽ പൊലീസുകാരൻ ആക്രമിച്ച് തകർത്തതിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിഷേധിച്ചു. ഹോട്ടലുകളിൽനിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന് വ്യാജപ്രചാരണം നടത്തി പണം തട്ടുന്ന സംഘങ്ങൾ സജീവമാണ്. ആലപ്പുഴയിലും അത്തരത്തിൽ പണം തട്ടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് ഗുണ്ടകളെപ്പോലെ അക്രമണം അഴിച്ചുവിട്ടത്. അദ്ദേഹത്തെ സർവീസിൽനിന്ന് പിരിച്ചുവിട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

ഹോട്ടലുടമയ്ക്കുണ്ടായ ലക്ഷങ്ങളുടെ നഷ്ടം പൊലീസുകാരനിൽ നിന്ന് ഈടാക്കണം. നിസാര കാര്യങ്ങൾക്കുപോലും ഹോട്ടൽ ജീവനക്കാരെയും ഉടമകളെയും ആക്രമിക്കുകയും സ്ഥാപനത്തിന് നാശനഷ്ടം വരുത്തുകയും ചെയ്യുന്ന പ്രവണത വ്യാപകമാണ്. ഭീതിയോടെയാണ് ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. സർക്കാരും പൊലീസും ഈ വിഷയത്തിൽ ശക്തമായി ഇടപെടണമെന്നും അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും ആവശ്യപ്പെട്ടു.