
കൊച്ചി: ഇൻസ്റ്റാഗ്രാമിൽ അശ്ലീല സന്ദേശമയച്ച യുവാവിന് പൊലീസ് മുമ്പാകെ മാപ്പുനൽകിയ യുവതി, മണിക്കൂറുകൾക്കകം ഇതേ യുവാവിനെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ അറസ്റ്റിലായി. കൂട്ടുപ്രതികളായ യുവതിയുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചെങ്ങന്നൂർ കാഞ്ഞിരനെല്ലിക്കുന്നോത്ത് വീട്ടിൽ ജെസ്ലിൻ(18)നും സുഹൃത്തുക്കളായ മലപ്പുറം നിലമ്പൂർ ചുങ്കത്തറ മുതുകുട്ടി വീട്ടിൽ സൽമാൻ ഫാരിസ് (29), ഇടുക്കി കുമളി കൂത്തനാടി വീട്ടിൽ അഭിജിത് (27) എന്നിവരാണ് കുടുങ്ങിയത്. ഏലൂർ സ്റ്റേഷനാണ് പരാതിക്കാരി അറസ്റ്റിലായ കേസിന് സാക്ഷിയായത്. തൊടുപുഴ വണ്ടമറ്റം സ്വദേശിയായ 27കാരന്റെ പരാതിയിലാണ് അറസ്റ്റ്. മേയ് 29നാണ് പരാതിക്കിടയാക്കിയ സംഭവം.
അറസ്റ്റിലായ യുവതി ഇൻസ്റ്റാഗ്രാമിൽ ഒരു സിനിമയെക്കുറിച്ച് റീൽസ് ഇട്ടിരുന്നു. ഇതുകണ്ട 27കാരൻ യുവതിയുടെ ഇൻബോക്സിലേക്ക് അശ്ലീല സന്ദേശം അയച്ചതാണ് തുടക്കം. യുവതി ഇതുകാട്ടി ഏലൂർ സ്റ്റേഷനിലെത്തി പരാതി നൽകി. നടപടിയുടെ ഭാഗമായി തൊട്ടടുത്തദിവസം യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഈസമയം പരാതി പിൻവലിക്കുകയാണെന്ന് യുവതി അറിയിച്ചു. കേസെടുക്കാതെ പൊലീസ് നടപടികൾ അവസാനിപ്പിച്ചു. എന്നാൽ ഏറെനേരം കഴിഞ്ഞിട്ടും യുവാവ് സ്റ്റേഷൻ പരിസരം വിട്ടുപോകാത്തത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ വിവരം തിരക്കിയപ്പോഴായിരുന്നു ട്വിസ്റ്റ്.
പരാതി പിൻവലിക്കാൻ സൽമാൻ ഫാരിസും ജെസ്ലിനും 20ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഒടുവിൽ അഞ്ച് ലക്ഷം രൂപയിൽ ഒത്തുതീർപ്പായെന്നും 27കാരൻ വെളിപ്പെടുത്തി. വിശദമായിചോദിച്ചതോടെ ജസ്ലിനും സൽമാനും രണ്ട് ലക്ഷം രൂപ ഭീഷണിപ്പെടുത്തി അഭിജിത്തിന്റെ അക്കൗണ്ട് മുഖേനെ വാങ്ങിയെന്ന് തുറന്നുപറഞ്ഞു. യുവതിക്ക് കൈമാറാനുള്ള ബാക്കി മൂന്ന് ലക്ഷം രൂപയുമായി വരുന്ന ബന്ധുവിനെ കാത്താണ് യുവാവ് സ്റ്റേഷനിൽ ഇരുന്നിരുന്നത്. തുടർന്ന് യുവാവിന്റെ പരാതിയിൽ പൊലീസ് എടുക്കുകയായിരുന്നു. അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ യുവതിയുടെ മൊഴിയും രേഖപ്പെടുത്തി കോടതിക്ക് കൈമാറിയതായി ഏലൂർ എസ്.ഐ അറിയിച്ചു. കോടതി നിർദ്ദേശപ്രകാരമായിരിക്കും തുടർനടപടി സ്വീകരിക്കുക.