അങ്കമാലി: അങ്കമാലി നഗരസഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ഇന്നലെ മുതൽ ഹൈടെക്കായി. അക്കൗണ്ട്, ഉപഭോക്തൃനികുതിപിരിവ്, ഇതര സേവനങ്ങൾ എന്നിവയെല്ലാം പൂർണ ഡിജിറ്റലൈസേഷനിലേക്ക് മാറി.
പണമടയ്ക്കലും അറിയിപ്പുകളും ഓൺലൈനിൽ ഉപഭോക്താക്കൾക്ക് എസ്.എം.എസ് മുഖേന ലഭിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്തി ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഗൂഗിൾപേ, ഫോൺപേ, പേടിഎം എന്നീ സംവിധാനങ്ങൾ വഴി പണം അടയ്ക്കാം. ഈ സൗകര്യം സംസ്ഥാനത്ത് ആദ്യമായി ഏർപ്പെടുത്തുന്നത് അങ്കമാലി നഗരസഭയിലാണ്. നികുതി അടയ്ക്കാനുള്ള ഓർമ്മപ്പെടുത്തലും അടച്ചതിന്റെ വിവരവും യഥാസമയം ഈ സംവിധാനം വഴി ഉപഭോക്താക്കളെ അറിയിക്കും.
നഗരസഭയ്ക്ക് പണച്ചെലവില്ലാത്ത പദ്ധതി ഐ.സി.ഐ.സി.ഐ ബാങ്കുമായി ചേർന്നാണ് നടപ്പിലാക്കിയിട്ടുള്ളത്. ഹരിതകർമ്മസേനയ്ക്ക് പണം അടക്കേണ്ടത് സംബന്ധിച്ച സന്ദേശം ഐ.സി.സി.ടിയാണ് അയക്കുന്നത്. അതിൽ വരുന്ന പാസ്‌വേഡുവച്ച് സെർച്ചുചെയ്ത് പേമെന്റ് ഓപ്ഷനെടുത്ത് പണമടയ്ക്കാം. ഒരു കുടുംബത്തിന് സ്ഥിരമായൊരു പാസ്‌വേഡ് ഇല്ല. എല്ലാമാസവും ആപ്പിൽ പുതിയ പാസ്‌വേഡ് വരും. ഒന്നുമുതൽ പത്തുവരെ തീയതിയിൽ പണമടയ്ക്കാം. നഗരസഭയ്ക്ക് ഓപ്പറേറ്റ് ചെയ്യാവുന്ന ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തുന്നത്.

മാസം എത്തുന്ന മെസേജ്
Dear Sir/Madam, ANGAMALY MUNICIPALITY HARITHAKARMASENA CONSORTIUM bill for Rs. 50 due on 30-06-2024 has been presented on ICICI Bank eazypay. To view bill & pay online click here https://eazypay.icicibank.com/DA?p=ccajicgfc , enter passcode 173569 . Pay by 10-06-2024 to avail early payment discount. Transaction charges applicable.

എല്ലാവർക്കും ഏറെ ഉപകാരപ്രദമാകുന്ന പദ്ധതിയാണിത്. ജോലിക്ക് പോകുന്നവർക്കും പ്രായമായവർക്കും വിദേശത്തുള്ളവർക്കും ഈ ആപ്പ് വഴി പണമടയ്ക്കാനാകും.

ജെസ്മി ജിജോ

വൈസ് ചെയർപേഴ്‌സൻ

ഹരി​തകർമ്മസേനാംഗങ്ങൾ എല്ലാ മാസവും കൃത്യമായി​ വീടുകളി​ലെത്തി​ പ്ളാസ്റ്റി​ക് കൂടുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ, ചി​ല്ലുകൾ, ചെരി​പ്പുകൾ തുടങ്ങി​യവ ശേഖരി​ക്കും. വീടുകൾക്ക് അമ്പതുരൂപയും കച്ചവടസ്ഥാപനങ്ങൾക്ക് നൂറുരൂപയും ഫീസ് ഈടാക്കും. നഗരസഭയി​ൽ നി​ന്ന് ലഭി​ക്കേണ്ട സേവനങ്ങൾക്ക് ഈ ഫീസ് അടക്കേണ്ടത് നി​ർബന്ധമാണ്.