കൊച്ചി: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ആർ.വൈ. റസ്തമിനെതിരേ വിജിലൻസ് പ്രാഥമികാന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. പരാതിക്കാരനോട് കൈക്കൂലി വാങ്ങിയെന്ന ആരോപണം അന്വേഷിക്കാനാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്.

മോൻസണിനെതിരെ പൊലീസിനെ സമീപിച്ച യാക്കൂബ് പുരയിൽ അന്വേഷണമാവശ്യപ്പെട്ട് ഹർജി നൽകുകയായിരുന്നു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തന്നെ പ്രഥമികാന്വേഷണം നടത്താനാണ് നിർദ്ദേശം. കെ.ജി. അനുമോൾ, ലിജു ജോൺ എന്നിവരുടെ അക്കൗണ്ടിലേക്ക് കൈക്കൂലിയായി പണം കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്നും അപ്രകാരം ചെയ്തെന്നും ഹർജിക്കാരൻ വാദിക്കുന്നു. ഡിവൈ.എസ്.പി റസ്തം ആവശ്യപ്പെട്ട പ്രകാരം കളമശ്ശേരി ക്രൈംബ്രാഞ്ച് എസ്.ഐ. സാബുവിന് ഒരു ലക്ഷം രൂപ നൽകിയെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.