പറവൂർ: പറവൂർ നഗരത്തിലെ ഏറ്റവും തിരക്കേറിയ കവലയാണ് ചേന്ദമംഗലം കവല. പതിറ്റാണ്ടിലധികം പഴക്കമുള്ള സിഗ്നൽ ലൈറ്റുകളുടെ തകരാറായിരുന്നു ഇതുവരെ കവലയിലെ ഗതാഗത തടസത്തിന് പ്രധാന കാരണം. സിഗ്നൽ തകരാർ താത്കാലികമായി പരിഹരിച്ചപ്പോൾ കുരുക്കിന് വഴിയൊരുക്കി വെള്ളക്കെട്ടായി. ഒരു മഴപെയ്താൽ വെള്ളക്കെട്ടിലാകുന്ന റോഡിലൂടെ വാഹനങ്ങൾ കവല കടക്കാൻ ഏറെ ബുദ്ധിമുട്ടണം. സ്ഥിതിഗതികൾ രൂക്ഷമാക്കിയത് കാനയിലെ തടസമാണ്. ഇത് പരിഹരിക്കാൻ മൂന്നുദിവസം മുമ്പാണ് റോഡ് പൊളിച്ച് കാന ശുചീകരണം തുടങ്ങിയത്. ഇതോടെ നഗരത്തിൽ കുരുക്കോട് കുരുക്കായി.
ചേന്ദമംഗലം കലയിലെ ഗതാഗതതടസം കച്ചേരിപ്പടിയും കഴിഞ്ഞ് നമ്പൂരിയച്ചൻ ആൽവരെ എത്തി. തിരക്കേറിയ സമയത്ത് ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. ശുചീകരണ ജോലികൾ ഇഴഞ്ഞുനീങ്ങുകയാണ്. അതിരാവിലെ മുതൽ രാത്രിവരെ രണ്ട് ട്രാഫിക് വാർഡൻമാരെ നിറുത്തിയിട്ടും കുരുക്കഴിക്കാൻ സാധിക്കുന്നില്ല. കച്ചേരിപ്പടിയിൽനിന്ന് അരക്കിലോമീറ്റർ അകലെയുള്ള ചേന്ദമംഗലം കവല കടക്കാൻ ചിലസമയത്ത് കാൽമണിക്കൂറിലേറെ വേണ്ടിവരുന്നു. ഗതാഗതക്കുരുക്ക് സമീപത്തെ വ്യാപാരസ്ഥാപനങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ട്.
ഗതാഗതക്കുരുക്കുണ്ടാക്കുന്നത്
1 ചേന്ദമംഗലം കവലയിലെ ഗതാഗത തടസത്തിന് പ്രധാന കാരണം റോഡിന്റെ വീതികുറവാണ്.
2 നാല് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ഇവിടെ നടപ്പാക്കാൻ സാധിക്കില്ല.
3 തിരക്ക് ഒഴിവാക്കാൻ പുല്ലംകുളം റോഡിലേയ്ക്ക് കവലയിൽനിന്ന് പ്രവേശനം ഒഴിവാക്കിയെങ്കിലും പൂർണമായും പരിഹരിക്കാൻ സാധിച്ചിട്ടില്ല.
4 ചേന്ദമംഗലം കവല വികസിപ്പിക്കാൻ നിരവധി പദ്ധതികൾ തയ്യാറാക്കിയെങ്കിലും നടന്നില്ല. സമീപത്തെ വ്യാപാരസ്ഥാപനങ്ങൾ പൊളിച്ചുമാറ്റിയുള്ള വികസനത്തെ വ്യാപാരികൾ എതിർത്തു.
5 സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് ഇല്ലാത്തതും പദ്ധതി പാളാനിടയാക്കി.
പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ റണ്ണിംഗ് കോൺട്രാക്ട് സ്കീമിൽ ഉൾപ്പെടുത്തിയാണ് കാനതുറന്ന് വെള്ളക്കെട്ട് പരിഹരിക്കുന്നത്. പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും.
ബീന ശശിധരൻ
നഗരസഭ ചെയർപേഴ്സൺ