മൂവാറ്റുപുഴ: നഗരത്തിലെ തിരക്കേറിയതും പ്രധാനപ്പെട്ടതുമായ വെള്ളൂർകുന്നം മുതൽ പി.ഒ. ജംഗ്ഷൻവരെയുള്ള 2കിലോമൂറ്റർ ദൂരംവരുന്ന റോഡ് തകർന്ന് തരിപ്പണമായി. കനത്തമഴയിൽ റോഡിലെ കുഴികളിൽ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. ഇതിലൂടെയുള്ള യാത്ര ദുസ്സഹമായി. അപകടങ്ങളും പെരുകി. ഗതാഗതക്കുരുക്കും രൂക്ഷമായി.
നഗരറോഡ് വികസനം ഏതാണ്ട് നിലച്ചമട്ടാണ്. കഴിഞ്ഞ നാലുമാസമായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. നഗരവാസികളുടേയും ദീർഘദൂര യാത്രക്കാരുടേയും ദുരിതം ദിനംപ്രതി വർദ്ധിക്കുകയാണ്.
രണ്ട് കിലോമീറ്റർ ദൂരം വരുന്ന നഗരഭാഗം കടക്കാൻ അരമണിക്കൂറോളമെടുക്കും. രാത്രികാലങ്ങളിൽ റോഡിലെ കുഴികളിൽവീണ് അപകടത്തിൽപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ചതിക്കുഴിയിൽവീണ് മൂന്ന് അപകടങ്ങൾ ഉണ്ടായി. റോഡിലെ കുഴികൾ അടച്ചാൽ ഗതാഗതക്കുരുക്കിന് നേരിയ ശനമമാകും . നാളുകളായി ഈ ആവശ്യം ഉയരുന്നുണ്ടെങ്കിലും കരാറുകാരും ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല.
റോഡിലെ കുഴികൾ അടയ്ക്കുന്നതിന് അധികൃതർ തയ്യാറാകണം. നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിലാക്കണം.
നജീർ ഉപ്പൂട്ടുങ്കൽ
മൂവാറ്റുപുഴ മേഖല
പൗരസമിതി പ്രസിഡന്റ്