
കൊച്ചി: രണ്ടു മാസം നീണ്ട അവധിക്കാലത്തിനു ശേഷം സ്കൂളുകൾ നാളെ തുറക്കും. പ്രവേശനോത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയും സ്കൂളുകളുടെയും സ്കൂൾ വാഹനങ്ങളുടെയും ഫിറ്റ്നസ് പരിശോധനകൾ പൂർത്തിയാക്കിയും വിദ്യാർത്ഥികളെ പുതിയ അദ്ധ്യയന വർഷത്തിലേക്ക് വരവേൽക്കാനായി ജില്ല തയ്യാറെടുത്തു കഴിഞ്ഞു.
സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകും. മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരും മറ്റു ജനപ്രതിനിധികളും വിശിഷ്ടാതിഥികളാകും. രാവിലെ 9ന് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിക്കും. തുടർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം നടക്കും. ഹൈബി ഈഡൻ എം.പി, മേയർ അഡ്വ.എം. അനിൽകുമാർ, എം.പിമാരായ ജെബി മേത്തർ, തോമസ് ചാഴിക്കാടൻ, എം.എൽ.എമാർ  തുടങ്ങിയവർ സംബന്ധിക്കും.
സ്കൂളുകളും വാഹനങ്ങളും ഫിറ്റ്
പരിസരം വൃത്തിയാക്കിയും മരങ്ങളുടെ ചില്ലകളൊതുക്കിയും സ്കൂളിന്റെയാകെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചുമാണ് പ്രവേശനോത്സവ ഒരുക്കങ്ങൾ നടത്തിയത്. എല്ലാ സ്കൂൾ തലത്തിലും 14ൽ 13 ഉപജില്ല തലത്തിലും പ്രവേശനോത്സവം നടക്കും. സ്കൂൾ തുറക്കലിനു മുന്നോടിയായുള്ള ഫിറ്റ്നസ് പരിശോധനയും പൂർത്തിയായി. ഒന്നു മുതൽ പത്തുവരെയുള്ള 992 സ്കൂളുകളുടെയും ഒന്നു മുതൽ പ്ലസ് ടു വരെയുള്ള 1,123 സ്കൂളുകളുടെയും ജില്ലയിലെമ്പാടുമുള്ള സ്കൂൾ ബസുകളുടെയും ഫിറ്റ്നെസ് പരിശോധനകൾ പൂർത്തീകരിച്ചു. പോരായ്മകൾ കണ്ടെത്തിയ വാഹനങ്ങളോട് എത്രയും വേഗം പരിഹരിച്ച് വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനതല പ്രവേശനോത്സവം ജില്ലയിൽ നടക്കുന്നതിനാൽ ഇത്തവണ ജില്ലാതല പ്രവേശനോത്സവം ഉണ്ടാകില്ല
ഹണി.ജി. അലക്സാണ്ടർ
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
ഹൈസ്കൂളുകൾ
992
ഹയർ സെക്കൻഡറികൾ
1,123