 
കൊച്ചി: ദക്ഷിണേന്ത്യൻ ടൂറിസത്തിന് പ്രചാരം നൽകാൻ കർണാടക ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഫെഡറേഷൻ ഒഫ് കർണാടക ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് സംഘടിപ്പിക്കുന്ന 'ദക്ഷിൺ ഭാരത് ഉത്സവ് " ബംഗളുരു പാലസ് ഗ്രൗണ്ടിലെ പ്രിൻസസ് ഷെറൈനിൽ 15, 16 തീയതികളിൽ നടക്കും.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര മേഖലകളിലെ നിക്ഷേപ സാദ്ധ്യതകളും തൊഴിലവസരങ്ങളും ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് ഫെഡറേഷൻ വൈസ് ചെയർമാൻ എം.ജി ബാലകൃഷ്ണ, ഡയറക്ടർ ജെസ്സി ലോറൻസ്, ഉത്സവ് ചെയർമാൻ കെ. ശിവഷൺമുഖം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ടൂറിസം നിക്ഷേപ സംഗമം, സമ്പന്നമായ സംസ്കാരം, വ്യത്യസ്‌തങ്ങളായ പാചകരീതികൾ എന്നിവയുടെ പ്രദർശനം, ദക്ഷിണേന്ത്യൻ ടൂറിസം സാദ്ധ്യതകൾ, കോൺഫറൻസുകൾ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ കണ്ടെത്തൽ തുടങ്ങിയവ മേളയുടെ ആകർഷണങ്ങളാണ്. കൊച്ചിയിൽ നടത്തിയ റോഡ്‌ഷോയുടെ ഉദ്‌ഘാടനം കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ജോസ് പ്രദീപ് നിർവഹിച്ചു.