നെടുമ്പാശേരി: കുന്നുകരയിൽ തകർന്ന റോഡിലെ കുഴിയിൽ ഉപവസിച്ച് വനിത പഞ്ചായത്ത് അംഗത്തിന്റെ പ്രതിഷേധം ശ്രദ്ധേയമായി. ജലജീവൻ പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കാൻ കാനയെടുത്ത് തകർന്ന റോഡുകൾ ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കുന്നുകര പഞ്ചായത്ത് അംഗം ജിജി സൈമണാണ് പ്രതിഷേധിച്ചത്. തടിക്കൽക്കടവ് - അമ്മണത്ത്പള്ളം റോഡിൽ വയൽകര ജുമാമസ്ജിദിന് സമീപമായിരുന്നു സമരം.
അഞ്ച് കിലോമീറ്ററോളം ദൂരമുള്ള ഈ റോഡ് ഉൾപ്പെടെ കുന്നുകര പഞ്ചായത്തിലെ എല്ലാ ഗ്രാമീണ റോഡുകളും ജലജീവൻപദ്ധതിമൂലം തകർന്നുകിടക്കുകയാണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മൂന്നാഴ്ചമുമ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ പെരുമ്പാവൂരിലെ ജലജീവൻ പദ്ധതി ഓഫീസിലെത്തി നിവേദനം നൽകിയിരുന്നു. ജൂൺ മൂന്നിന് മുമ്പ് ടാറിംഗ് പൂർത്തിയാക്കുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഉറപ്പ്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷസമരത്തിലേക്ക് നീങ്ങിയത്. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി പി. രാജീവ് ഇക്കാര്യത്തിൽ താത്പര്യം കാണിക്കുന്നില്ലെന്നും സമരക്കാർ ആരോപിച്ചു.
മഹിളാ കോൺ. സംസ്ഥാന വൈസ് പ്രസിഡന്റ് മിനിമോൾ സമരം ഉദ്ഘാടനം ചെയ്തു. മഹിളാ കോൺ. ജില്ലാ ജനറൽ സെക്രട്ടറി ലിസി ജോസ് അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, സിജി വർഗീസ്, കവിത വി. ബാബു, സീന സന്തോഷ്, രതി സാബു, വിജി ജോളി, സാറാ റഹിം, ബുഷറ അബ്ദുൾ ഖാദർ തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. പോൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കാർഷിക വികസന ബാങ്ക് ഭരണസമിതിഅംഗം ടി.എ നവാസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.