
കൊച്ചി: സംസ്ഥാനതല പ്രവേശനോത്സവത്തിന് വേദിയാകാൻ പകിട്ടോടെ അണിഞ്ഞൊരുങ്ങി എളമക്കര ഗവ. എച്ച്.എസ്.എസ്. പ്രവേശനോത്സവം അവിസ്മരണീയമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും അവസാന ഘട്ടത്തിലാണ്. പ്രവേശനോത്സവം നാടിന്റെയാകെ ഉത്സവമാക്കിമാറ്റാനുള്ള തയ്യാറെടുപ്പിൽ ഒരുമയോടെ കൈകോർക്കുകയാണ് അദ്ധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരുമെല്ലാം. കൊച്ചി മേയർ എം. അനിൽകുമാർ ചെയർമനായ സംഘാടക സമിതിയാണ് ഒരുക്കങ്ങൾ ഏകോപിപ്പിച്ചത്. എറണാകുളം ജില്ലയിലെ തന്നെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ എളമക്കര സ്‌കൂൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ മികവിന്റെ കേന്ദ്രമായി മാറിയ സ്‌കൂളുകളിലൊന്നാണ്. പ്രവേശനോത്സവത്തിന്റെ ഭാഗമായി
സ്‌കൂൾ കെട്ടിടം പെയിന്റ് ചെയ്ത് മനോഹരമാക്കി. എൽപി, പ്രീപ്രൈമറി ക്ലാസുകളിൽ കാർട്ടൂണുകൾ വരയ്ക്കുന്നതും മറ്റു അലങ്കാരങ്ങളും പൂർത്തിയായി. പ്രവേശനോത്സവത്തിന്റെ പ്രചരണത്തിനായും വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.