 
ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിലെ കുഴിയിൽവീണ് അപകടങ്ങൾ തുടർക്കഥയായിട്ടും നടപടിയെടുക്കാത്ത പൊതുമരാമത്ത് അധികാരികൾക്കെതിരെ പ്രതിഷേധം ശക്തമായി. നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് പരിഹാരനടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതി.
മാറമ്പിള്ളി സ്വദേശിയുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ചാലക്കൽ പതിയാട്ട് കവലയിലെ കുഴിയിൽ വെള്ളിയാഴ്ച രാത്രി മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് ഇരുചക്ര വാഹനങ്ങളും രണ്ട് കാറുകളും അപകടത്തിൽപ്പെട്ടു. യാത്രക്കാർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഈ റോഡിലെ മറ്റു പലയിടങ്ങളിലും അപകടങ്ങൾ തുടർക്കഥയായി. മഹിളാലയം ന്യൂ ഇറാ ക്ലിനിക്കിന് സമീപം കഴിഞ്ഞ രാത്രി നടന്ന അപകടത്തിൽ കുട്ടമശേരി തുരുത്തിക്കാട് രഞ്ജിത്തിന് പരിക്കേറ്റു.
കുഴിയടക്കുന്നതിനോ സൂചനാബോർഡ് സ്ഥാപിക്കുന്നതിനോ പി.ഡബ്ല്യു.ഡി തയ്യാറാകാത്തതിനെതിരെയാണ് പ്രതിഷേധം. ജനകീയറോഡ് സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ കുട്ടമശേരി സർക്കുലർ ജംഗ്ഷനിൽ നാട്ടുകാർ വാഴനട്ട് പ്രതിഷേധിച്ചു.