പെരുമ്പാവൂർ: പെരുമ്പാവൂരിനെ ക്ലീനാക്കാൻ ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുമായി പൊലീസ്. ഇതിന്റെ ഭാഗമായി വ്യാപക പരിശോധനകളാണ് എ.എസ്.പി മോഹിത് രാവത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുക, അനാശ്യാസ പ്രവർത്തനങ്ങൾ തടയുക, ക്രമസമാധാനം നിലനിറുത്തുക തുടങ്ങിയവ പ്രവർത്തനത്തിന്റെ ഭാഗമാണ്.
പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തുള്ള ബേക്കറിയിൽനിന്ന് നിരോധിത പുകയില ഉത്പന്നങ്ങളും പെരുമ്പാവൂർ ജ്യോതിജംഗ്ഷനിലെ ഗോഡൗണിൽനിന്ന് 10ലക്ഷം രൂപയോളം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്ന് മലയാളിയുവാവിനെ കഞ്ചാവുമായും അന്യസംസ്ഥാന തൊഴിലാളിയെ ഹെറോയിനുമായും പിടികൂടി. പെരുമ്പാവൂരിലെ ഒരു കടയിൽനിന്ന് കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളും മറ്റും കണ്ടെടുത്തു. രണ്ട് മോഷ്ടാക്കളെ കരുതൽ തടങ്കലിലാക്കി.
ഇതിനകം ലക്ഷക്കണക്കിന് രൂപവിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പരസ്യ മദ്യപാനത്തിന് നിരവധി പേർക്കെതിരെ കേസെടുത്തു. അനധികൃത മദ്യവിൽപ്പനയ്ക്കെതിരെ ശക്തമായ നടപടി തുടരുന്നു. ലോഡ്ജ്കളിൽ റെയ്ഡ് ശക്തമാക്കും. കൂടുതൽ പോലീസിനെ പരിശോധനയ്ക്ക് നിയോഗിക്കും. വാഹന പട്രോളിംഗുമുണ്ടാകും. ഇത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായാൽ പൊലീസിനെ അറിയിക്കണം.