ആലുവ: യാത്രക്കാർ കയറും മുമ്പേ വിട്ട സ്വകാര്യ ബസ് പിന്നീട് പെട്ടെന്ന് നിർത്തിയപ്പോൾ ബസിനുള്ളിൽ വീണ് വയോധികക്ക് പരിക്കേറ്റു. തിരുവല്ല ഊന്നു പുരക്കൽ വീട്ടിൽ വിജയകുമാർ നായരുടെ ഭാര്യ പ്രസന്ന കുമാരി (70)ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിയോടെ ഇടപ്പള്ളി കവലയിലായിരുന്നു സംഭവം. കൊച്ചുമകളെ അമൃത ആശുപത്രിയിൽ കാണിച്ച ശേഷം വിജയകുമാരൻ നായർ ഭാര്യക്കും മകളുടെ കുടുംബത്തിനുമൊപ്പം ബസിൽ കയറുകയായിരുന്നു. രണ്ട് പേരക്കുട്ടികളും ഭാര്യയും മകളും ബസിൽ കയറിയപ്പോഴേക്കും ബസ് വിട്ടു. പുറത്തുനിന്ന് ലഗേജുമായി വിജയകുമാരൻ നായരും മരുമകനും ബഹളം വച്ചപ്പോഴാണ് ബസ് പെട്ടെന്ന് നിർത്തിയത്. ബസ് ആലുവയിലെത്തിയപ്പോഴേക്കും പ്രസന്നകുമാരിയുടെ തോളിൽ നീരുവെച്ചതോടെ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈവശം വലിയ ലഗേജ് ഉണ്ടായതിനാലാണ് തന്നെയും മകനെയും കയറ്റാതെ ബസ് വിട്ടതെന്ന് വിജയകുമാർ പറഞ്ഞു.
ആലുവയിൽ അപകട പരമ്പര
ആലുവ പാലസ് റോഡിൽ ഗസ്റ്റ് ഹൗസിന് സമീപം ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികനായ പുറയാർ അരിപ്പുര കത്തോട്ട് വീട്ടിൽ ഷാജഹാന്റെ മകൻ ജവാദ് (26), ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം സ്‌കൂട്ടറും കാറും കൂട്ടിമുട്ടി കളമശേരി വരിക്കശ്ശേരി വീട്ടിൽ ഷാജുവിന്റെ ഭാര്യ പുഷ്പ (53), ബാങ്ക് കവലയിൽ സ്‌കൂട്ടറുകൾ തമ്മിൽ കൂട്ടിമുട്ടി ഏലൂക്കര കറുപ്പൻ വീട്ടിൽ നാസറിന്റെ ഭാര്യ സാജിത (42) എന്നിവർക്ക് പരിക്കേറ്റു. ഇവരെയും നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.